ISRO യ്ക്ക് ചരിത്ര നിമിഷം; സ്‌പേഡെക്‌സ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് സ്‌പേഡെക്‌സ് വിക്ഷേപിച്ചത്.
SpaDeX Mission
SpaDeX Mission
Published on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് (Spa-DeX) വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം രാത്രി 10.15 ന് ആയിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് സ്‌പേഡെക്‌സ് വിക്ഷേപിച്ചത്.

PSLV-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുകയാണ് (Space Docking Experiment) ദൗത്യത്തിന്റെ ലക്ഷ്യം. ദൗത്യം പൂര്‍ത്തിയാകാന്‍ 66 ദിവസം എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയിപ്പിച്ചിട്ടുള്ളൂ.

220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളുമായാണ് PSLV-സി60 കുതിച്ചുയര്‍ന്നത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. രണ്ട് ഉപഗ്രഹങ്ങളേയും റോക്കറ്റ് കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതായും ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹങ്ങള്‍ വേര്‍പെട്ടുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

ജനുവരി ഏഴിന് ഡോക്കിങ് നടക്കും. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 20 കിലോമീറ്ററോളം ആകും. പിന്നീട് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കും (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തും (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.

അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ്, അണ്‍ഡോക്കിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഇതിനു സമാനമായി ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ എന്ന പേരില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവും നിര്‍മിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com