
ആഗോള ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെ നിർണായക ചുവടുവെപ്പായ 'പ്രോബ 3' വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമാണ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. സൂര്യന്റെ പ്രഭാവലയത്തെ കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ ബഹിരാകാശ നിലയത്തിന്റെ ഉപഗ്രഹമാണ് 'പ്രോബ 3'.
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. വൈകീട്ട് 4.04നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി റോക്കറ്റിൽ, രണ്ട് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത്. വിക്ഷേപണത്തിന്‍റെ നാല് ഘട്ടങ്ങളും വിജയകരമാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചു. ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തി.
ഐഎസ്ആർഒ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (NSIL) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ മൂന്നിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും, ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്.
ഇന്നലെ നടത്താൻ നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിക്ഷേപിക്കാനുള്ള രണ്ട് കൃത്രിമ ഉപഗ്രഹങ്ങളിൽ ഒന്നിന് സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് അവസാന മണിക്കൂറിലാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിവെച്ചത്.