'അപ്പോഫിസ്' ലോകത്തെ തകർക്കുമോ? ഛിന്നഗ്രഹം 2029ൽ ഭൂമിയിലിടിക്കാൻ സാധ്യതയെന്ന് ഐഎസ്ആർഒ

അപ്പോഫിസ് 2029 ഏപ്രിൽ 13ന് ഭൂമിക്കടുത്ത് എത്തുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്
'അപ്പോഫിസ്' ലോകത്തെ തകർക്കുമോ? ഛിന്നഗ്രഹം 2029ൽ ഭൂമിയിലിടിക്കാൻ സാധ്യതയെന്ന് ഐഎസ്ആർഒ
Published on


ഇടിക്കാൻ സാധ്യതയുള്ളൊരു വലിയ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുന്നതായി ഐഎസ്ആർഒ. 'അപ്പോഫിസ്' എന്ന് പേരിട്ട ഛിന്നഗ്രഹത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയേക്കാളും, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാളും വലിപ്പമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2029 ഏപ്രിൽ 13നായിരിക്കും അപ്പോഫിസ് ഭൂമിക്കടുത്ത് എത്തുകയെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഈജിപ്ഷ്യൻ മിത്തോളജി പ്രകാരം 'കുഴപ്പങ്ങളുടെ ദൈവം' (ഗോഡ് ഓഫ് കയോസ്) എന്നാണ് അപ്പോഫിസിൻ്റെ അർഥം.

"വലിയൊരു ഛിന്നഗ്രഹ ആക്രമണം എന്നത് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണ്. ഐഎസ്ആർഒ ഈ ഭീഷണിയെ വിലകുറച്ച് കാണുന്നില്ല. ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായുള്ള ഞങ്ങളുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നമുക്ക് ജീവിക്കാൻ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള ഭാവിയിലെ മറ്റു ഭീഷണികൾ ഒഴിവാക്കാൻ ഇന്ത്യ എല്ലാ രാജ്യങ്ങളുമായും സഹകരിക്കും,” ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2004ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തുവരാനുള്ള സാധ്യതകളെല്ലാം അന്നു മുതൽക്കേ ശാസ്ത്രലോകം നിരീക്ഷിച്ചുവരികയായിരുന്നു. ഇത് ഭൂമിയെ ഇടിച്ചേക്കുമെന്ന ആശങ്കൾ നിലനിൽക്കുന്നുണ്ടെങ്കിലും, 2029ൽ അപ്പോഫിസ് ഭൂമിയെ തൊടില്ലെന്നും, ഭൂമിക്ക് മുകളിലൂടെ പറക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിൽ, ഇത്രയും വലിപ്പമുള്ളൊരു ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

 അപ്പോഫിസ്

അപ്പോഫിസ് സഞ്ചരിക്കാൻ സാധ്യതയുള്ള ദൂരത്തേക്കാൾ ഉയർന്ന ഭ്രമണപഥത്തിലാണ് ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നത്. അതിനാൽ ഈ ഛിന്നഗ്രഹം എത്രത്തോളം ഭൂമിക്കടുത്തെത്തുമെന്ന് കൃത്യമായി വിലയിരുത്താനാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അപ്പോഫിസിന് ഏകദേശം 340 മുതൽ 450 മീറ്റർ വരെ വ്യാസമുണ്ട്. 140 മീറ്റർ വ്യാസത്തിന് മുകളിലുള്ള ഏതൊരു ഭൗമേതര വസ്തുവും ഭൂമിയോട് ചേർന്ന് കടന്നുപോകുന്നത് അപകടകരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 300 മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ഏതൊരു ഛിന്നഗ്രഹവും ഒരു ഭൂഖണ്ഡത്തിൻ്റെ തന്നെ നാശത്തിന് കാരണമാകുമെന്ന് ഐഎസ്ഐർഒ കണക്കാക്കുന്നു.

അപ്പോഫിസ് ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കിൽ അത് വലിയ ദുരന്തമുണ്ടാക്കും. പ്രാദേശിക നാശത്തിന് പുറമെ കൂട്ടിയിടി മൂലം പുറന്തള്ളുന്ന പൊടി അന്തരീക്ഷത്തെ മൂടി ആഗോള തകർച്ചയ്ക്കും കാരണമായേക്കുമെന്നും NETRA തലവൻ ഡോ. എ.കെ. അനിൽ കുമാർ പറയുന്നു.

ഏകദേശം 500,000 വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ ലോനാറിൽ ഒരു ഉൽക്ക പതിച്ചിരുന്നു. അതിൻ്റെ ഫലമായി ഒരു ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണ്ണമുള്ള ഒരു ഗർത്ത തടാകം രൂപപ്പെട്ടിരുന്നു. ഉൽക്കാ പതനത്താൽ രൂപപ്പെട്ട ഈ തടാകം അപ്പോഫിസിനെ കുറിച്ച് കൂടൂതൽ പഠിക്കാൻ സഹായിക്കുമെന്നും, ഇതിൻ്റെ അടിസ്ഥാനത്തിൽ ഐഎസ്ആർഒ കൂടുതൽ ഗവേഷണം നടത്തുമെന്നും അനിൽ കുമാർ വ്യക്തമാക്കി.

ഐഎസ്ആർഒക്ക് പുറമെ നാസ ഉൾപ്പെടെയുള്ള പ്രമുഖ ബഹിരാകാശ ഏജൻസികളെല്ലാം ഛിന്നഗ്രഹത്തിൻ്റെ പാത, ഘടന എന്നിവ മനസിലാക്കാനായി നിരവധി ദൗത്യങ്ങൾ രൂപീകരിക്കാൻ സാധ്യതയുണ്ട്. ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരിച്ചയച്ച ആദ്യത്തെ അമേരിക്കൻ ബഹിരാകാശ പേടകമാണ് നാസയുടെ OSIRIS-REx. അപ്പോഫിസിനെ കുറിച്ച് പഠിക്കാനായി ഈ ബഹിരാകാശ പേടകത്തെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

ഇത്തരം ഭൗമേതര വസ്തുക്കളെ കുറിച്ച് പഠിക്കാനായി റാപ്പിഡ് അപ്പോഫിസ് മിഷൻ ഫോർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി അല്ലെങ്കിൽ 'റാംസെസ്' എന്ന പേരിൽ 2028ൽ നാസ മറ്റൊരു ബഹിരാകാശ പേടകം കൂടി വിക്ഷേപിച്ചേക്കും. ഈ ദൗത്യത്തിൽ ഇന്ത്യയും പങ്കാളികളാവുമെന്ന് ഡോ. സോമനാഥ് പറഞ്ഞു. നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) പോലെയുള്ള ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിൽ നിന്ന് അകറ്റാൻ സാധിക്കും. ഒപ്പം ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കാൻ ഗുരുത്വാകർഷണ ട്രാക്ടർ, ഉയർന്ന വേഗതയുള്ള അയോൺ ബീം പോലുള്ള വസ്തുക്കളും ഉപയോഗിക്കാറുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com