അഭിമാനദൗത്യം വൈകും; ISRO സ്പേസ് ഡോക്കിങ് മാറ്റിവെച്ചു

ജനുവരി ഏഴിന് നടക്കാനിരുന്ന പരീക്ഷണമാണ് ജനുവരി ഒൻപതിലേക്ക് മാറ്റിവെച്ചത്
അഭിമാനദൗത്യം വൈകും; ISRO സ്പേസ് ഡോക്കിങ് മാറ്റിവെച്ചു
Published on

ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യമായ സ്പെയ്സ് ഡോക്കിങ് മാറ്റിവെച്ചു. ജനുവരി 7 ന് നടക്കാനിരുന്ന പരീക്ഷണമാണ് ജനുവരി 9ലേക്ക് മാറ്റിവെച്ചത്. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സ്പെയ്സ് ഡോക്കിങ് മാറ്റിവെച്ചതെന്നും, സാറ്റലൈറ്റുകൾ സുരക്ഷിതമെന്നും ഐഎസ്ആർഒ അറിയിച്ചു.

PSLV- സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഡിസംബർ 30നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 20 കിലോമീറ്ററോളം ആകും. പിന്നീട് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com