സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു: ഹരിയാന ബിജെപിയിൽ കലഹം, കൂട്ടരാജി, വിമത ഭീഷണി ഉയർത്തി നേതാക്കൾ

സംസ്ഥാന ഉപാധ്യക്ഷൻ ജി എൽ ശർമ, മുൻ മന്ത്രി ബച്ചൻസിംഗ് ആര്യ, കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ട രാജി നൽകി.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു: ഹരിയാന ബിജെപിയിൽ കലഹം, കൂട്ടരാജി,  വിമത ഭീഷണി ഉയർത്തി നേതാക്കൾ
Published on




നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ഹരിയാന ബിജെപിയിൽ കലഹം മൂർച്ഛിക്കുന്നു. 67 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായത്. ജെജെപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന മൂന്ന് മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നേടിയപ്പോൾ ബിജെപിയുടെ ഒമ്പത് സിറ്റിങ്ങ് എംഎൽഎമാർ പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ അതൃപ്തിയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മന്ത്രി രഞ്ജിത് സിം​ഗ് ചൗട്ടാലയും എംഎൽഎ ലക്ഷ്‌മൺദാസ്‌ നാപ്പയും ഒബിസി മോർച്ച അധ്യക്ഷൻ കരൺദേവ്‌ കംബോജും പാർട്ടി വിട്ടു. സംസ്ഥാന ഉപാധ്യക്ഷൻ ജി എൽ ശർമ, മുൻ മന്ത്രി ബച്ചൻസിംഗ് ആര്യ, കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ട രാജി നൽകി. മുൻ മന്ത്രിമാരായ കവിതാ ജയിനും സാവിത്രി ജിൻഡാലും സഹമന്ത്രി ബിഷംബർ സിംഗും പരസ്യവിമർശനം നടത്തിക്കഴിഞ്ഞു. വിമത സ്ഥാനാർത്ഥിയാകാനാണ് പലരുടേയും നീക്കം.

സിറ്റിങ് മണ്ഡലമായ കർണാൽ ഉപേക്ഷിച്ച് ലഡ്‌വയിൽ നിന്നുമാണ് മുഖ്യമന്ത്രി നായിബ് സിംഗ് സെയ്നി മത്സരിക്കുന്നത്. കർണാലിൽ തോൽവി ഭയന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലമാറ്റം. 2014 മുതൽ തുടർച്ചയായി ഭരണത്തിലുള്ള ബിജെപിക്ക് ഭരണ വിരുദ്ധത ഇത്തവണ പ്രധാന വെല്ലുവിളിയാണ്. ഇതിന് പിന്നാലെയാണ് വിമത പ്രശ്നവും സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നത്.

അതേസമയം വിഭാഗീയത രൂക്ഷമായതാണ് കോൺഗ്രസ് പട്ടിക വൈകിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എഎപി സഖ്യ തീരുമാനത്തിലും പാർട്ടിയിൽ ഭിന്ന സ്വരമുണ്ട്. സഖ്യം വേണ്ടെന്നാണ് പല നേതാക്കളുടേയും പക്ഷം. സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കേണ്ടി വരുമെന്നതിനാൽ ഭൂപീന്ദർ സിംഗ് ഹൂഡ പക്ഷത്തിനും എഎപി സഖ്യത്തിൽ യോജിപ്പില്ല. പാർട്ടിയുടെ ജനപ്രീതി വർധിച്ച സാഹചര്യത്തിൽ ഹരിയാനയിൽ കോൺഗ്രസിന് സഖ്യം ആവശ്യമില്ലെന്ന് തുറന്നടിച്ച് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വയും കോൺഗ്രസ് നേതാവ് അജയ് സിംഗ് യാദവും രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി 66 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്നാണ് സൂചന. എന്നാൽ തങ്ങളെ ഗൗനിക്കില്ലെന്ന പരാതിയുമായി ഹൂഡ വിരുദ്ധ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. ഇതും തലവേദനയാണ് കോൺഗ്രസിന്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com