കോഴിക്കോട് കരുവന്‍തിരുത്തിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍

മുൻസിപ്പാലിറ്റിയിലെ 9 വാർഡുകളിൽ പൂർണമായും വെള്ളം ഇല്ല
കോഴിക്കോട് കരുവന്‍തിരുത്തിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍
Published on

കോഴിക്കോട് ഫറോക്ക് വെസ്റ്റ്‌ നെല്ലൂരിലെ കരുവൻതിരുത്തിയിൽ കുടിവെള്ളം മുട്ടിയിട്ട് 14 ദിവസം. മൂവായിരത്തോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. മുൻസിപ്പാലിറ്റിയിലെ 9 വാർഡുകളിൽ പൂർണമായും വെള്ളം ഇല്ല.

പ്രാഥമിക കൃത്യങ്ങൾക്ക് പോലും വെള്ളമില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം വലിയ ദുരിതത്തിലാണ്. ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വേണ്ടപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം, വൈദ്യുതി വിതരണ ശൃംഖല തകരാരിലായതാണ് ജല വിതരണം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വെസ്റ്റ്നല്ലൂർ പമ്പ് ഹൗസിലെ മെയിൻ സ്വിച്ച് കത്തി പോയതും എ.പി റോഡിലെ പമ്പ് ഹൗസിലെ മോട്ടറിൻ്റെ സ്റ്റാർട്ടർ പ്രവർത്തനരഹിതമായതുമാണ് പമ്പിംഗ് മുടങ്ങാൻ കാരണമായത്.

ഇതോടെ ഫറോക്ക് നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ജലവിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. 200 പൊതു ടാപ്പുകളിലൂടെയായി  പ്രതിദിനം നാല് ലക്ഷം ലിറ്റർ വെള്ളമാണ് മേഖലയിൽ  വിതരണം ചെയ്തിരുന്നത്. ജലവിതരണം മുടങ്ങിയതോടെ കുടിവെള്ള പൈപ്പ്ലൈനിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മുവായിരം കുടുംബങ്ങളുടെ സ്ഥിതി പരുങ്ങലിലായി. വീടുകളിൽ സ്വന്തമായി ജല സ്രോതസുകൾ ഇല്ലാത്തവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

നഗരസഭയിലെ ഒൻപത് വാർഡുകളിലെ കുടുംബങ്ങളാണ് കരുവന്‍തിരുത്തി ജലപദ്ധതിയെ ആശ്രയിക്കുന്നത്. എ.പി റോഡിലെ കിണറിൽ നിന്നും വെള്ളം വെസ്റ്റ് നെല്ലൂർ സ്കൂൾ പരിസരത്തെ സംഭരണിയിൽ എത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. നേരത്തെ ജല അതോറിറ്റിക്ക് കീഴിലായിരുന്ന പദ്ധതി 2001ലാണ് തദ്ദേശ ഭരണ സ്ഥാപനത്തെ ഏൽപ്പിച്ചത്. പ്രവർത്തന ചെലവ് സംബന്ധിച്ച പ്രതിസന്ധിയാണ് പ്രശ്നം പരിഹരിക്കാൻ തടസമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ജലവിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി പ്രതിഷേധം ശക്തമാക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com