പുഷ്പനില്ലാത്ത ആദ്യ രക്തസാക്ഷി ദിനം; കൂത്തുപറമ്പിലെ മുറിവുണങ്ങാത്ത ഓർമകൾക്ക് 30 വയസ്

പരിയാരത്ത് ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ സമരത്തിലായിരുന്നു വെടിവെപ്പുണ്ടായത്
പുഷ്പനില്ലാത്ത ആദ്യ രക്തസാക്ഷി ദിനം; കൂത്തുപറമ്പിലെ മുറിവുണങ്ങാത്ത ഓർമകൾക്ക് 30 വയസ്
Published on


കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നിട്ട് ഇന്നേക്ക് 30 വർഷം. 1994 ൽ ഇതേ ദിവസമായിരുന്നു 6 പേരുടെ ജീവനെടുത്ത വെടിവയ്പ്പുണ്ടായത്. പരിയാരത്ത് ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ സമരത്തിലായിരുന്നു വെടിവെപ്പുണ്ടായത്. കേരളത്തിൻ്റെ സമര ചരിത്രത്തിൽ, ജനകീയ സമരങ്ങൾക്ക് നേരെ പൊലീസ് തോക്കുകളിൽ നിന്ന് ചീറിയ തീയുണ്ടകൾ ജീവനെടുത്ത അവസാന വെടിവെപ്പാണ് കൂത്തുപറമ്പിലേത്.

ആ കാലത്തിൻ്റെ സമരവീര്യവും വേദനയും കാൽനൂറ്റാണ്ട് സ്വന്തം ശരീരത്തിൽ പേറിയ പുഷ്പൻ വിടവാങ്ങിയത് ഇക്കഴിഞ്ഞ സെപ്റ്റംബർ 28 നാണ്. ഇന്ന് പുഷ്പനില്ലാത്ത ആദ്യ കൂത്തുപറമ്പ് ദിനം. റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു അവർ അഞ്ചുപേർക്കൊപ്പം പുഷ്പനും രക്തസാക്ഷികളുടെ പട്ടികയിലേക്ക് കൂടിച്ചേർന്നതിന് ശേഷമുള്ള ആദ്യത്തെ രക്തസാക്ഷി അനുസ്മരണ ദിവസം.

എൺപത്തിയാറിലെ ബദൽ രേഖ ഉയർത്തിയ കൊടുങ്കാറ്റിന് പിന്നാലെ എം.വി. രാഘവൻ സിപിഎമ്മിൽ നിന്ന് പുറത്തായി സ്വന്തം പ്രസ്ഥാനം കെട്ടിപ്പടുത്ത് യുഡിഎഫിൽ ചേർന്ന് പാർട്ടിയുടെ കണ്ണിലെ കരടായി മാറിയ കാലം. കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം.വി. ആർ, കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ എത്തിയ ദിവസത്തെ സംഘർഷമാണ് കൂത്തുപറമ്പ് വെടിവെയ്പ്പിൽ കലാശിച്ചത്.

പരിയാരത്ത് തുടങ്ങാനിരുന്ന മെഡിക്കൽ കോളേജിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിന്ന് മാറ്റി ഒരു ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവരാനുള്ള മുഖ്യമന്ത്രി കെ. കരുണാകരൻ്റെയും എംവിആറിൻ്റേയും ശ്രമത്തിനെതിരെ ആയിരുന്നു സമരം. മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുന്നു. മന്ത്രിയെ കരിങ്കൊടി കാട്ടാനുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു.

എം.വി. ആറിൻ്റെ ജീവൻ അപകടത്തിലാണെന്ന് പൊലീസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് ഉന്നത അധികാരികൾ വെടിവയ്ക്കാൻ ഉത്തരവിട്ടു. ഡിവൈഎഫ്ഐ നേതാവ് സി. ബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബുലാൽ, കെ.കെ. രാജീവൻ, മധു, റോഷൻ എന്നീ ചെറുപ്പക്കാർ വെടിയേറ്റു രക്തസാക്ഷികളായി. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ മത്സരിച്ച എം.വി. ആറിനെ കവി കടമ്മനിട്ടയെ നിർത്തി സിപിഎം തോൽപ്പിച്ചു.

മൂന്ന് പതിറ്റാണ്ടിൽ പിന്നെയെന്തെല്ലാമുണ്ടായി... അവസാന കാലത്ത് എംവിആറിനോടുള്ള പാർട്ടിയുടെ സമീപനം മാറി. സിപിഎമ്മിനോടടുക്കാൻ എം.വി. ആറും ആഗ്രഹിച്ചു. രോഗശയ്യയിലായ എം.വി. ആറിനെ പിണറായി വിജയൻ സന്ദർശിച്ചു. അന്തരിച്ചപ്പോൾ സിപിഎം നേതാക്കളെത്തി അന്ത്യാഭിവാദ്യമർപ്പിച്ചു. എം.വി. ആർ കെട്ടിപ്പടുത്ത സിഎംപി പലതായി വിഘടിച്ച് ചിതറി. ഒരു ഭാഗം സിപിഎമ്മിൽ തന്നെ ലയിച്ചു.

മാധ്യമപ്രവർത്തകനും എം.വി. ആറിൻ്റെ മകനുമായ എം.വി. നികേഷ് കുമാർ പാർട്ടിയോടടുത്തു. 2016ൽ നികേഷ് അഴീക്കോട് സിപിഎം സ്ഥാനാർഥിയായി. എം.വി. ആർ അനുസ്മരണം സിപിഎം നേരിട്ട് സംഘടിപ്പിക്കാൻ തുടങ്ങി. ഒടുവിൽ പുഷ്പൻ വിടവാങ്ങിയപ്പോൾ നികേഷ് കുമാർ എത്തി മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ചു.

വെടിവയ്പ്പ് ദിവസം കൂത്തുപറമ്പിലെ അന്തരീക്ഷം വഷളാകാനുള്ള സാധ്യത മനസ്സിലാക്കിയ ഉദ്യോഗസ്ഥർ നേരത്തെ തന്നെ മന്ത്രിയെ വിവരമറിയിച്ചുവെന്നും അതവഗണിച്ച് എം.വി. ആർ അവിടെയെത്തിയെന്നുമാണ് ഒരു പക്ഷം. എന്നാൽ സംഘർഷമുണ്ടാക്കാനുള്ള സമരക്കാരുടെ പദ്ധതി തനിക്കും സർക്കാരിനും അറിയില്ലായിരുന്നു എന്നാണ് എം.വി. ആർ ആത്മകഥയായ ഒരു ജന്മത്തിൽ കുറിച്ചത്. കേരളത്തിൻ്റെ സമരചരിത്രത്തിലെ ചോരപുരണ്ട ഒരദ്ധ്യായമാണ് നവംബർ 25.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com