
അടൂർ ജനറൽ ആശുപത്രിയിലെ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. ഫാർമസി തുടങ്ങാൻ സ്ഥലം നൽകിയിട്ടും അധികൃതർ താൽപര്യം കാണിക്കുന്നില്ല. അവശ്യ മരുന്നുകൾക്ക് വരെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.
അമിത വില നൽകിയാണ് രോഗികൾ സ്വകാര്യ ഫാർമസികളിൽ നിന്നും മരുന്ന് വാങ്ങുന്നത്. 2023 ജൂലൈ പത്തിന് ഉണ്ടായ തീപിടുത്തതിലാണ് അടൂർ ജനറൽ ആശുപത്രിയിലെ കാരുണ്യ ഫാർമസി കത്തിനശിച്ചത്. ഇതോടെ ഫാർമസിയുടെ പ്രവർത്തനം പൂർണമായും നിലച്ചു.
Also Read: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസിനു മുന്നില്‍ കേടായ അരിമാവ് തലയില്‍ ഒഴിച്ച് മില്ലുടമയുടെ പ്രതിഷേധം
ആശുപത്രിക്കുള്ളിൽ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും ഇതുവരെയും അതുണ്ടായില്ല. ഇതിനായി സ്ഥലവും ആശുപത്രി അധികൃതർ നൽകിയിരുന്നു. തീപിടിത്തമുണ്ടായ നാൾ മുതൽ അടച്ചിട്ടിരിക്കുന്ന ഫാർമസി കെട്ടിടത്തിൽ മരുന്നുകൾ കിടന്ന് നശിക്കുന്നുവെന്നും ആരോപണമുണ്ട്. ഫാർമസിയുടെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം