മരുന്നില്ല, മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും ആക്ഷേപം

മഴക്കാലം ആയതോടെ വളർത്തുമൃഗങ്ങളിൽ രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ മരുന്ന് ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്
Animal Husbandry Office
Animal Husbandry Office
Published on

കോട്ടയം ജില്ലയിലെ മൃഗാശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. മരുന്നുകൾക്കായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയെന്ന് പരാതി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തി ആശുപത്രികളിൽ മരുന്ന് എത്തിക്കണമെന്ന തീരുമാനം കൃത്യമായി നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കോട്ടയം ജില്ലയിൽ എൺപതോളം വെറ്ററിനറി ആശുപത്രികളിൽ മിക്കയിടത്തും മരുന്നുകളില്ല. ചികിത്സയ്ക്ക് എത്തുന്നവർക്ക് മരുന്നിനായി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇരട്ടി വിലയാണ് മെഡിക്കൽ ഷോപ്പുകൾ മരുന്നിന് ഈടാക്കുന്നത്. വിര ഗുളിക, ദഹന ഗുളിക, കാത്സ്യം പൗഡർ, സൈലേറിയ തുടങ്ങിയ മരുന്നുകൾക്കാണ് ക്ഷാമം നേരിടുന്നത്.  മൃഗസംരക്ഷണ വകുപ്പിന്‍റെ നേരിട്ടുള്ള മരുന്ന് വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

തദേശസ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് കണ്ടെത്തി മൃഗാശുപത്രിയിലേക്കാവശ്യമായ മരുന്നുകള്‍ വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം. എന്നാല്‍ മൂന്നോ, നാലോ തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് മരുന്നുകള്‍ വാങ്ങുന്നത്. മഴക്കാലം ആയതോടെ വളർത്തുമൃഗങ്ങളിൽ രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ മരുന്ന് ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

അതേസമയം, ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെ വിവിധ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി. വളര്‍ത്തു മൃഗങ്ങൾക്ക് ചികിത്സ നൽകാൻ കര്‍ഷകര്‍ ആശുപത്രികളിൽ എത്തിയശേഷം നിരാശയോടെയാണ് മടങ്ങുന്നത്. സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് പകരം ഡോക്ടർമാരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ തസ്തികയിലെ ഒഴിവുകൾ നികത്തി മൃഗ ഡോക്ടർമാരെ നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com