
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് റിപ്പോർട്ട്. ആഗസ്ത് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. പാർട്ടി നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഈ തീരുമാനമെന്ന് നേതാക്കൾ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഉദയനിധി സ്റ്റാലിൻ ഡിഎംകെയെ പ്രതിനിധീകരിക്കുമെന്നും സൂചനകളുണ്ട്.
മന്ത്രി ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണെന്നും അന്തിമതീരുമാനത്തിലെത്തിയാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ് ഭാരതി പറഞ്ഞു.
ഉദയനിധി സ്റ്റാലിൻ്റെ സ്ഥാനക്കയറ്റം പരിഗണിക്കുന്നുവെന്ന വാർത്ത മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തെ നിഷേധിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഉദയനിധിക്ക് നൽകുമെന്ന കിംവദന്തി ഒരു സെൻസേഷൻ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഉദയനിധി സ്റ്റാലിൻ. ഒരു ദശാബ്ദം നീണ്ടുനിന്ന എഐഎഡിഎംകെ ഭരണം അവസാനിപ്പിച്ച് കൊണ്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിച്ചതിന് പിന്നിലും ഉദയനിധിയുടെ പ്രവർത്തനങ്ങളുണ്ട്. പിന്നീട് 2022 ഡിസംബറിൽ ഉദയനിധി സ്റ്റാലിൻ സ്റ്റാലിൻ മന്ത്രിസഭയിൽ യുവജനക്ഷേമ കായിക വികസന മന്ത്രിയായി.
2009-ൽ പിതാവ് എം കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നു. മകനും പിതാവിൻ്റെ പാത പിന്തുടരുകയാണെന്ന അഭ്യൂഹവുമുണ്ട്.