
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ബന്ധുക്കൾ കണ്ണൂർ കളക്ടർക്കെതിരെ മൊഴി നൽകിയതായി സൂചന. എഡിഎമ്മും കളക്ടറും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞുവെന്നാണ് സൂചന.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നും മൊഴിയിൽ ബന്ധുക്കൾ പറയുന്നു.
കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് അഞ്ചുമണിക്കൂർ നീണ്ട മൊഴിയെടുക്കൽ നടന്നത്. നവീൻ ബാബുവിന്റെ ഭാര്യ രണ്ടു മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പി. പി. ദിവ്യയുടെ മുൻകൂർജാമ്യ അപേക്ഷയിൽ നവീന്റെ കുടുംബം കക്ഷി ചേർന്നു. ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ടു നൽകി.