
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തിയതിനെ വിമർശിച്ച് മന്ത്രി വി.എൻ. വാസവൻ. തിരുവഞ്ചൂർ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ലെന്ന് വാസവന്‍ പറഞ്ഞു.
തിരുവഞ്ചൂരിന് ബിജെപി താല്പര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല. പ്രത്യേക താല്പര്യം ഉണ്ട് എന്ന് കരുതേണ്ടിവരുമെന്നും വാസവന്‍ പറഞ്ഞു. ഗവർണർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിച്ചു എന്ന വാദവും വാസവന്‍ തള്ളിക്കളഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം ഉണ്ടാക്കിയത് സർക്കാരാണ്. ഐകകണ്ഠേന പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ലെന്നും വാസവന്‍ ആരോപിച്ചു. തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണെന്നത് പകൽപോലെ വ്യക്തമാണെന്ന് വാസവന്‍ കൂട്ടിച്ചേർത്തു.
ഇന്നലെ കോട്ടയത്ത് നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഗവർണറെ പുകഴ്ത്തി സംസാരിച്ചത്. എല്ലാ വിഘ്‌നങ്ങളും മാറി
അടുത്ത അഞ്ച് വർഷം കൂടി കേരളത്തിൽ തുടരാൻ ഗവർണർക്ക് കഴിയട്ടെയെന്ന് തിരുവഞ്ചൂർ ആശംസിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം തുടരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം, കേരളത്തിലെ ഗവർണറെ മാറ്റുമെന്ന തരത്തിലുള്ള സൂചന കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്നെ കേരള ഗവർണറായി തുടരാനാണ് സാധ്യത.