ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദയനിധിയെ പാർട്ടി മുഖമാക്കി അവതരിപ്പിക്കുകയാണ് ലക്ഷ്യം
ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ
Published on

സിനിമാതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് ഡിഎംകെ. കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉള്ള സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദയനിധിയെ പാർട്ടി മുഖമാക്കി അവതരിപ്പിക്കുകയാണ് ലക്ഷ്യം.

ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കഴിഞ്ഞ കുറെ മാസങ്ങളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 9 ന് നടന്ന ഒരു പൊതുപരിപാടിയിൽ തമിഴ്‌നാട് പിന്നാക്കക്ഷേമ മന്ത്രി രാജ കണ്ണപ്പൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി അഭിസംബോധന ചെയ്തതും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. എന്നാൽ അന്ന് നാക്ക് പിഴ സംഭവിച്ച മന്ത്രി ഉടനെ പ്രസംഗത്തിൽ അത് തിരുത്തുകയും ഇപ്പോൾ ഉപമുഖ്യമന്ത്രിയല്ല അടുത്ത മാസം എന്ന് പറഞ്ഞതും വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. അതേ കാര്യം ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയപ്പോൾ സ്റ്റാലിൻ മാധ്യമങ്ങൾക്ക് ഈ സൂചന നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന കാര്യം പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഉദയനിധിയെ പാർട്ടി മുഖമാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം ഉദയനിധി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സഖ്യത്തിന് മുന്നേറാൻ സഹായിച്ചുവെന്ന് ഡിഎംകെ വിലയിരുത്തുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ് സൂപ്പർതാരം വിജയ് രാഷ്ട്രീയ പാർട്ടിയുമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നതിനാൽ എതിരിടാൻ ഒരു യുവമുഖത്തെ അവതരിപ്പിക്കേണ്ട ബാധ്യതയും ഡിഎംകെയ്ക്കുണ്ട്. കരുണാനിധിയുടെ പേരക്കുട്ടിയായ ഉദയനിധിയുടെ കാര്യത്തിൽ ഇതെല്ലാം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ വഴിയൊരുക്കിയ ഘടകങ്ങളാണ്.

ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കായിക - യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2006-2011 കാലത്ത് കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എം.കെ സ്റ്റാലിനായിരുന്നു ഉപ മുഖ്യമന്ത്രി. ഉദയനിധി ഉപ മുഖ്യമന്ത്രിയാകുന്നതോടെ ചരിത്രം ആവർത്തിക്കപ്പെടുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com