വടക്കൻ കേരളത്തിൽ തെയ്യക്കാലമെത്തി; ഇലത്താളത്തിൻ്റെ അകമ്പടിയോടെ തോറ്റം ചൊല്ലാൻ മുതല തെയ്യവും

തുലാമാസത്തിലെ പത്താം തീയ്യതി പുലർന്നതോടെ കണ്ണൂരിൽ ഇനി എങ്ങോട്ട് കാതോർത്താലും കാൽചിലമ്പും ചെണ്ടപ്പെരുക്കവും കേൾക്കാം
വടക്കൻ കേരളത്തിൽ തെയ്യക്കാലമെത്തി; ഇലത്താളത്തിൻ്റെ അകമ്പടിയോടെ തോറ്റം ചൊല്ലാൻ മുതല തെയ്യവും
Published on



വടക്കൻ കേരളത്തിൽ തെയ്യക്കാലം വീണ്ടും സജീവമായി. ഇനി ഇടവമാസം പകുതി വരെ ഒരു ദിവസവുമൊഴിയാതെ കണ്ണൂരിലെ വിവിധ കാവുകളിലായി തെയ്യങ്ങൾ കെട്ടിയാടും. അപൂർവമായ ഒട്ടേറെ തെയ്യങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. അതിലൊന്നാണ് മുതല തെയ്യം. തുലാമാസത്തിലെ പത്താം തീയ്യതി പുലർന്നതോടെ കണ്ണൂരിൽ ഇനി എങ്ങോട്ട് കാതോർത്താലും കാൽചിലമ്പും ചെണ്ടപ്പെരുക്കവും കേൾക്കാം.

എങ്ങോട്ട് കണ്ണയച്ചാലും കുത്തുവിളക്കും അണിയറകളിൽ നിന്ന് വരവിളി മുഴക്കി വരുന്ന തെയ്യവും കാണാം. നാനാദിക്കിൽ നിന്നും മഞ്ഞൾപ്പൊടിയുടെയും കുരുത്തോല കരിഞ്ഞതിൻ്റെയും ഗന്ധം ശ്വസിക്കാം. എണ്ണിയാലൊടുങ്ങാത്തത്രയും പേരുകളുമായി ദൈവങ്ങൾ മനുഷ്യനെ ചേർത്തുപിടിച്ചിവിടെ തെയ്യങ്ങളാവുകയാണ്. അങ്ങനെ ഇറങ്ങിയെത്തുന്ന തെയ്യങ്ങളിൽ അപൂർവ്വമായ കാഴ്ചയാണ് മുതല തെയ്യം.

തെയ്യം കെട്ടിയിറങ്ങുന്നത് മുതൽ മുടിയഴിക്കും വരെ മുഴുവൻ സമയവും നിലത്ത് ഇഴയുന്നതാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങളെ പോലെ വായ് വാക്കുകളൊന്നുമില്ല. സാധാരണ തെയ്യങ്ങളുടെ ഉടയും അലങ്കാരങ്ങളും കുരുത്തോലയാണെങ്കിൽ, പകരം കവുങ്ങിൻ പാളയാണ് മുതല തെയ്യത്തിൻ്റെ ഉടയാട. മുതലയെപ്പോലെ ഇഴഞ്ഞുകൊണ്ട് ക്ഷേത്രം വലംവെയ്ക്കും. ഇലത്താളത്തിൻ്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതിയാണ് ഈ തെയ്യത്തിൻ്റെ മറ്റൊരു പ്രത്യേകത. ഇഴജീവി ശല്യത്തിൽ നിന്ന് രക്ഷ നേടാൻ മുതല ദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം.

തൃപ്പണ്ടാരത്തെ ക്ഷേത്രത്തിൽ നിത്യ പൂജ ചെയ്തിരുന്ന പൂജാരി ഒരിക്കൽ പൂജയ്ക്ക്‌ എത്താതിരുന്നുവെന്നും, ഈ സമയത്ത് പുഴയിൽ ചൂണ്ടയിട്ടിരുന്നയാളെ മുതല രൂപം പൂണ്ട ദേവി, ക്ഷേത്രത്തിൽ എത്തിച്ച്പൂജ മുടങ്ങാതെ കാത്തുവെന്നുമാണ് മുതലതെയ്യത്തിൻ്റെ ഐതിഹ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com