മുംബൈ നഗരം വെള്ളക്കെട്ടിൽ; പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി

മുംബൈ നഗരം വെള്ളക്കെട്ടിൽ; പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി
Published on

മഹാരാഷ്ടയിൽ കനത്ത മഴ തുടരവെ പൊതുജനങ്ങൾ ആവശ്യമില്ലെങ്കിൽ വീടിന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. കനത്ത മഴ തുടരവെ മുംബൈ, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ സിവിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രളയ സമാനമായ സാഹചര്യം ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ പെയ്ത കനത്തമഴ റെയിൽ, വ്യോമ, റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. മുംബൈയിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽവേ ട്രാക്കുകൾ പലയിടത്തും വെള്ളത്തിനടിയിലായതിനാൽ റെയിൽവേ, എൻഡിആർഎഫ്, സിവിൽ ഉദ്യോഗസ്ഥർ എന്നിവർ വെള്ളം പമ്പ് ചെയ്തു നീക്കിയതിന് ശേഷമാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. അതോടൊപ്പം കനത്ത മഴതുടരുന്ന സാഹചര്യത്തിൽ വിവിധ എയർലൈനുകളുടെ 50ഓളം വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ കൺട്രോൾ റൂം സന്ദർശിക്കുകയും, സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പൊതുജനങ്ങൾ ആവശ്യമില്ലെങ്കിൽ വീടിന് പുറത്തിറങ്ങരുതെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com