
ബംഗ്ലാദേശികളുടെ കളി തടയാൻ ക്രിക്കറ്റ് തന്നെ നിരോധിച്ച് ഇറ്റലിയിലെ മോൺഫാൽകൺ നഗരം. വിലക്ക് ലംഘിച്ചു കളിച്ചാൽ 100 യൂറോ ആണ് പിഴ. കുടിയേറ്റ വിരുദ്ധികാരം മുതലെടുത്ത് ഭരണം പിടിച്ച തീവ്ര വലതുപക്ഷ മേയറാണ് തീരുമാനത്തിനു പിന്നിൽ
ഇറ്റാലിയിലെ മോൺഫാൽകണിൽ ബംഗ്ലാദേശ് വംശജർക്കു ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തി വിട്ടുപോകണം. ഈ ചെറു നഗരത്തിനുള്ളിൽ ക്രിക്കറ്റു കളിച്ചാൽ ഓരോരുത്തരം 100 യൂറോ ആണ് പിഴ നൽകേണ്ടത്. മേയർ അന്ന മരിയ സിസിൻ്റ് ആണ് ശിക്ഷ ഏർപ്പെടുത്തിയത്.
പിഴയ്ക്കു പിന്നിൽ മുസ്ലീം വിരുദ്ധ വികാരമാണെന്നാണ് ബംഗ്ളാദേശികൾ പറയുന്നത്. നഗരത്തെയും പാരമ്പര്യമായുള്ള ക്രിസ്ത്യൻ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് മേയറുടെ വാദം. ബംഗ്ലാദേശികൾ സ്ഥിരമായി വന്നിരുന്ന ടൗൺ സ്ക്വയറിലെ ബെഞ്ചുകൾ നീക്കം ചെയ്തു. മുസ്ലീം സ്ത്രീകൾ പർദ ധരിക്കുന്നതിൽ പരസ്യമായി പ്രതിഷേധിച്ചാണ് അന്ന മേയർ സ്ഥാനത്തെത്തിയത്.
മോൺഫാൽകണിൽ 30000 ത്തിലധികം ആളുകൾ താമസിക്കുന്നു. അവരിൽ ഭൂരിഭാഗവും 1990 കളിൽ ഉല്ലാസ നൗകകളുടെ നിർമ്മാണത്തിനെത്തിച്ചേർന്ന ബംഗ്ലാദേശി മുസ്‌ലീം കുടുംബങ്ങളാണ്.ആ കുടിയേറ്റം മോൺഫാൽകണിൻ്റെ സാംസ്കാരിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നാണ് തീവ്ര വലതുപക്ഷ ലീഗ് പാർട്ടിയിൽ നിന്നുള്ള മേയർ സിസിന്‍റ പറയുന്നത്.