ഇറ്റാലിയൻ ഗ്രാമത്തിൽ സൗജന്യമായി വീട്, 92 ലക്ഷം ധനസഹായം; പെട്ടിയെടുത്ത് പുറപ്പെടാൻ വരട്ടെ, നിബന്ധനകളുണ്ട്!

ഇറ്റാലിയൻ ഗ്രാമത്തിൽ സൗജന്യമായി വീട്, 92 ലക്ഷം ധനസഹായം; പെട്ടിയെടുത്ത് പുറപ്പെടാൻ വരട്ടെ, നിബന്ധനകളുണ്ട്!

ഇറ്റാലിയൻ പ്രവിശ്യയായ ട്രെന്റിനോയാണ് ജനസാന്ദ്രത കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി ഈ പദ്ധതി അവതരിപ്പിക്കുന്നത്.
Published on


കടവും കടപ്പാടുമൊക്കെയായി നാട്ടിലെ ജീവിതം മടുക്കുമ്പോൾ വിദേശ രാജ്യങ്ങളിലോ മറ്റോ പോയി സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. ഇനി വിദേശരാജ്യങ്ങളിലാകട്ടെ നഗരജീവിതത്തിലെ തിരക്കുകളിൽ വലഞ്ഞ് ഗ്രാമങ്ങളേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരും ഏറെയാണ്. എല്ലായിടത്തും സാമ്പത്തിക സാഹചര്യങ്ങളാണ് വില്ലൻ. സ്വസ്ഥമായും സമാധാനമായും അങ്ങനെ ജീവിക്കാൻ കയ്യിൽ പണം വേണം. അത്തരം സ്ഥലങ്ങളിൽ സ്വന്തമായി വീടു വേണം. അങ്ങനെയങ്ങനെ ആവശ്യങ്ങളേറെയുണ്ട്.


ഇതൊക്കെ ഓർത്ത് ആ സ്വപ്നം വേണ്ടെന്നു വയ്ക്കുന്നവർക്കായി ഒരു ആശ്വാസ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ഇറ്റലി. ഗ്രാമങ്ങൾ ജനസംഖ്യ കുറഞ്ഞ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് മറ്റു പല വിദേശ രാജ്യങ്ങളേയും പോലെ ഇറ്റലിയും ആകർഷകമായ ഒരു പദ്ധതിയുമായി വന്നിരിക്കുന്നത്.ഇറ്റലിയിലെ അതിമനോഹരമായ ഒരു ​ഗ്രാമത്തിൽ ഫ്രീയായി ഒരു വീടും 92 ലക്ഷം രൂപ ധനസഹായവും. വാർത്തകേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

നേരത്തെ തന്നെ ഇറ്റലി 92.55 ലക്ഷം ഇന്ത്യൻ രൂപയുടെ ഒരു ഭവന പദ്ധതിയുമായി വന്നിരുന്നു. ഇപ്പോഴിതാ ഓഫർ കുറച്ചുകൂടി ആകർഷകമാക്കിയിരിക്കുകയാണ്. ഇറ്റാലിയൻ പ്രവിശ്യയായ ട്രെന്റിനോയാണ് ജനസാന്ദ്രത കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഗ്രാമത്തിൽ സ്ഥിര താമസമാക്കാൻ തയ്യാറുള്ളവർക്ക് 45000 ഡോളറാണ് ( 92 .7 ലക്ഷം രൂപയാണ്) നൽകുക. വസ്തു വാങ്ങുന്നതിന്, വീട് പണിയുന്നതിന് എന്നിങ്ങനെ തരം തിരിച്ച് പണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

പക്ഷെ ഫ്രീയായി വീട് കിട്ടും. പണം കിട്ടും എന്നൊക്ക പറഞ്ഞ് പെട്ടിയും കിടക്കയും എടുത്ത് പുറപ്പെടാൻ വരട്ടെ, അതിന് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്.ഇറ്റലിക്കാർക്കും പുറത്തുള്ളവർക്കും ഈ ഓഫറിന് അർഹതയുണ്ട്. എന്നാൽ, ഒരു നിബന്ധനയുണ്ട്. അപേക്ഷകർ കുറഞ്ഞത് പത്ത് വർഷമെങ്കിലും ഈ ​ഗ്രാമങ്ങളിൽ താമസിക്കണം. അതിന് മുമ്പ് ഇവിടം വിടേണ്ടി വന്നാൽ മുഴുവൻ തുകയും തിരിച്ചടക്കേണ്ടി വരും. എല്ലാം ആലോചിച്ച് ഉറപ്പിച്ച് വേണം തീരുമാനമെടുക്കാൻ.

ജനസംഖ്യയിൽ ഇടിവ് വരുന്നത് ഇന്ന് പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഗ്രാമങ്ങൾ ഇപ്പോൾ ജനവാസമില്ലാത്ത പ്രദേശങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ​ഗ്രാമങ്ങളിലുണ്ടായിരുന്ന പലരും ന​ഗരങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയതോടെയാണ് പ്രദേശങ്ങൾ വിജനമായത്. ഈ പ്രതിസന്ധി പരിഹരിച്ച് ഗ്രാമങ്ങളെ സജീവമാക്കാനാണ് വിവിധ പദ്ധതികളുമായി രാജ്യങ്ങൾ മുന്നോട്ടു വരുന്നത്.

News Malayalam 24x7
newsmalayalam.com