
ദമ്പതികൾ വാടക ഗർഭധാരണത്തിനായി വിദേശത്തേക്ക് പോകുന്നത് നിയമവിരുദ്ധമാക്കി ഇറ്റാലിയൻ പാർലമെൻ്റ്. നിയമം ലംഘിക്കുന്നവർക്ക് തടവും, ഒരു മില്യൺ യൂറോ വരെ പിഴയും ചുമത്തുമെന്നും ഇറ്റാലിയൻ പാർലമെൻ്റ് അറിയിച്ചു. ഇറ്റാലിയൻ സെനറ്റ് 84ൽ 58 വോട്ടുകൾ നേടിയാണ് നിയമം പാസാക്കിയത്.
നിയമം സ്വവർഗ ദമ്പതികളെ ലക്ഷ്യമിടുന്നതാണെന്ന് വലിയ ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ വർഷം ബില്ലിന് അപ്പർ ഹൗസ് സെനറ്റ് അംഗീകാരം നൽകിയിരുന്നു. രാജ്യത്ത് ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വാടക ഗർഭധാരണത്തിനായി വിദേശത്തേക്ക് പോകുന്നത് നിയമവിരുദ്ധമാക്കിയ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റത് മുതൽ രാജ്യത്തെ ഭരണരീതികളെ പറ്റിയും വിമർശനമുണ്ട്.
ഇറ്റലിയിൽ സ്വവർഗ വിവാഹത്തിന് നേരത്തെ നിരോധനമേർപ്പെടുത്തിയിരുന്നു. നിലവിൽ ഹെറ്റ്റോസെക്ഷ്വൽ പങ്കാളികൾക്ക് മാത്രമാണ് ഇറ്റലിയിൽ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുള്ളത്. LGBTQ+ പങ്കാളികൾ മാതാപിതാക്കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
മാതൃത്വം തികച്ചും അതുല്യമാണെന്നും, വാടകഗർഭധാരണത്തിലൂടെ അത് ചെയ്യാൻ പാടില്ലെന്നും ബ്രദേഴ്സ് ഓഫ് ഇറ്റലി സെനേറ്റർ ലവീനിയ മെന്യൂനി പറഞ്ഞു. വാടകഗർഭധാരണ ടൂറിസം വേരോടെ പിഴുതെറിയണമെന്നും ലവീനിയ പറഞ്ഞു.