
യുക്രെയ്ന് നല്‍കുന്ന ശക്തമായ പിന്തുണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് നന്ദിയയറിച്ച് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍, എല്ലാ സമയത്തും, കഴിഞ്ഞയാഴ്ചയിലും നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു. ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്നതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായി സെലന്‍സ്കി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസല്‍സില്‍ എത്തിയതായിരുന്നു സെലന്‍സ്കി.
'ഇത് വെറുംവാക്കല്ല. ഞങ്ങളത് അനുഭവിക്കുന്നു. നിങ്ങൾ യുക്രെയ്ന്‍ ജനതയ്ക്കും, പോരാളികള്‍ക്കും, സാധാരണക്കാർക്കും, ഞങ്ങളുടെ കുടുംബങ്ങൾക്കും ശക്തമായ ഒരു സൂചന നൽകി, ഞങ്ങൾ ഒറ്റയ്ക്കല്ല എന്നത് വളരെ സന്തോഷകരമാണ്. ഞങ്ങൾക്കത് അറിയാം, ഞങ്ങൾ അത് അനുഭവിക്കുന്നു. ഞങ്ങള്‍ ഒറ്റയ്ക്കല്ലെന്നത് മഹത്തായ കാര്യമാണെന്നും സെലന്‍സ്കി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്‌നുള്ള സൈനിക സഹായം നിർത്തലാക്കുകയും, റഷ്യയുമായുള്ള നയതന്ത്രബന്ധം പുതുക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അടിയന്തിര യോഗം വിളിച്ചത്. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍, യുക്രെയ്നുള്ള സഹായം തുടരുന്ന കാര്യവും, യൂറോപ്പില്‍ സ്വന്തം സൈന്യത്തെ സജ്ജമാക്കുന്നതും ഉള്‍പ്പെടെ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
ട്രംപിന്റെ പുതിയ നയം യുക്രെയ്ന്‍ ഉള്‍പ്പെടെ യൂറോപ്പിന്റെയാകെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ശക്തമായ യൂറോപ്യന്‍ പ്രതിരോധം യുക്രെയ്ന്റെ ചെറുത്തുനില്‍പ്പിന് ഉണര്‍വ് പകരും. യുക്രെയ്ന്റെ പ്രതിരോധം, നമ്മുടെ സ്വന്തം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിലും പ്രധാനമാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ധാതു ഖനന കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ ഭാഗമായി, സെലന്‍സ്കിയും ട്രംപും അടുത്തിടെ വൈറ്റ് ഹൌസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രൂക്ഷമായ വാക്ക്പോരിനൊടുവില്‍ കരാര്‍ ഒപ്പുവയ്ക്കപ്പെട്ടില്ല. ദിവസങ്ങള്‍ക്കിപ്പുറം, മാര്‍ച്ച് മൂന്നിന് യുക്രെയ്നുള്ള സൈനിക സഹായങ്ങള്‍ ട്രംപ് ഭരണകൂടം നിര്‍ത്തിവച്ചു. പിന്നാലെ, യുക്രെയ്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതു കൂടി നിര്‍ത്തി. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന രാജ്യത്തെയും ജനതയെയും ഇരുട്ടിലാക്കുന്നതായിരുന്നു ട്രംപിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ നേതാക്കളുടെ അടിയന്തിര യോഗം.