പുതിയ ബ്രിട്ടീഷ് സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ

ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം ചേർന്ന പ്രസ് കോൺഫറൻസിൽ, രാജ്യത്തെ സ്വിച്ച് ഇട്ട പോലെ മാറ്റാൻ സാധിക്കില്ല എങ്കിലും, രാഷ്ട്ര നവീകരണം ആരംഭിക്കാൻ സമയം പാഴാക്കില്ല എന്ന് സ്റ്റാർമർ പറഞ്ഞു.
പുതിയ ബ്രിട്ടീഷ് സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ
Published on

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ദിവസം തന്നെ രാജ്യത്തെ പൊതു സേവനങ്ങൾ പരിഷ്കരിക്കാനും, തകർന്ന വിദേശ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുമായി പുതിയ മന്ത്രിസഭയെ സജ്ജമാക്കി കിയർ സ്റ്റാർമർ. 174 സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തോടെ നിലവിലെ സർക്കാരിലെ മലർത്തിയടിച്ച് ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് കുതിച്ച് 48 മണിക്കൂറുകൾക്കകമാണ് പുതിയ നീക്കം. പുതിയ സർക്കാർ മാറ്റത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും, പ്രചരണ വാഗ്ദാനങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്റ്റാർമർ പറഞ്ഞു.

ഓരോ മന്ത്രിയും പാർട്ടിയുടെ വാഗ്ദാനങ്ങൾ പാലിക്കേണ്ടതിൻ്റെയും, ഉന്നത നിലവാരം പുലർത്തേണ്ടതിൻ്റെയും പ്രാധാന്യവും പ്രധാനമന്ത്രി ക്യാബിനറ്റ് യോഗത്തിൽ ഊന്നിപ്പറഞ്ഞു. "ക്യാബിനറ്റിൽ തൻ്റെ മന്ത്രിമാർ പുലർത്തേണ്ട നിലവാരത്തെ കുറിച്ചും, അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ചും, രാജ്യം അവരിൽ അർപ്പിച്ച വിശ്വാസത്തെക്കുറിച്ചും സംസാരിക്കാൻ സാധിച്ചു. കഴിഞ്ഞ 14 വർഷത്തെ ടോറി ഭരണത്തിൽ നിന്ന് വ്യത്യസ്തമായി, തൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയം സേവനത്തിലേക്ക് മടങ്ങും. സ്വാർത്ഥ താൽപര്യം ഇന്നലത്തെ രാഷ്ട്രീയമാണ്. രാജ്യത്തെ സ്വിച്ച് ഇട്ട പോലെ മാറ്റാൻ സാധിക്കില്ലെങ്കിലും രാഷ്ട്ര നവീകരണം ആരംഭിക്കാൻ ഒട്ടും സമയം പാഴാക്കില്ല," സ്റ്റാർമർ പറഞ്ഞു.

പ്രധാനമന്ത്രി ഉൾപ്പടെ 25 അംഗങ്ങളാണ് ബ്രിട്ടീഷ് മന്ത്രിസഭയിലുള്ളത്. അതിൽ 11 പേർ വനിതകളാണ്. ബ്രിട്ടൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭയിൽ ഇത്രയേറെ സ്ത്രീ പ്രാതനിധ്യം ഉണ്ടാകുന്നത്.

സ്റ്റാർമർ മന്ത്രിസഭയിലെ അംഗങ്ങൾ ഇവരാണ്:

- സ‍‍ർ കിയ‍ർ സ്റ്റാ‍ർമ‍ർ - പ്രധാനമന്ത്രി
- ആൻജല റെയ്നർ - ഉപപ്രധാനമന്ത്രി, ലെവലിങ് അപ്പ്, ഹൗസിങ് ആൻഡ് കമ്മ്യൂണിറ്റീസ് സ്റ്റേറ്റ് സെക്രട്ടറി
- പാറ്റ് മക്ഫാഡൻ - ലങ്കാസ്റ്റർ ഡച്ചി ചാൻസല‍ർ
- ഡേവിഡ് ലാമി - വിദേശ, കോമൺവെൽത്ത്, വികസന സ്റ്റേറ്റ് സെക്രട്ടറി
- റേച്ചൽ റീവ്സ് - ധനകാര്യ വകുപ്പ് ചാൻസല‍ർ
- യെവെറ്റ് കൂപ്പർ - ആഭ്യന്തര വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി
- വെസ് സ്ട്രീറ്റിംഗ് - ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി
- ജോൺ ഹീലി - പ്രതിരോധ സെക്രട്ടറി
- സ്റ്റീവ് റീഡ് - പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ സ്റ്റേറ്റ് സെക്രട്ടറി
- ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ - വിദ്യാഭ്യാസ സ്റ്റേറ്റ് സെക്രട്ടറി
- എഡ് മിലിബാൻഡ് - ഊർജ്ജ സുരക്ഷ, നെറ്റ് സീറോ വകുപ്പുകളുടെ സ്റ്റേറ്റ് സെക്രട്ടറി
- പീറ്റർ കൈൽ - സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സ്റ്റേറ്റ് സെക്രട്ടറി
- ഷബാന മഹമൂദ് - ലോർഡ് ചാൻസലർ, സ്റ്റേറ്റ് സെക്രട്ടറി ഓഫ് ജസ്റ്റിസ്
- ജോനാഥൻ റെയ്നോൾഡ്സ് - ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി
- ലിസ് കെൻഡൽ - സ്റ്റേറ്റ് സെക്രട്ടറി ഓഫ് വർക്ക് ആൻഡ് പെൻഷൻസ്
- ലൂയിസ് ഹെയ് - ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി
- ലിസ നന്ദി - സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി
- ജോ സ്റ്റീവൻസ് - വെയിൽസ് സ്റ്റേറ്റ് സെക്രട്ടറി
- ഇയാൻ മുറെ - സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി
- ഹിലാരി ബെൻ - നോർത്തേൺ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി
- ലൂസി പവൽ - കൗൺസിൽ പ്രസിഡന്റ് ആൻഡ് ഹൗസ് ഓഫ് കോമൺസ് ലീഡർ
- ബറോണസ് സ്മിത്ത് - ലോർഡ് പ്രിവി സീൽ ആൻഡ് ഹൗസ് ഓഫ് ലോർഡ്സ് ലീഡർ
- റിച്ചാർഡ് ഹെർമർ കെസി - അറ്റോർണി ജനറൽ
- അലൻ കാംബെൽ - ഹൗസ് ഓഫ് കോമൺസ് ചീഫ് വിപ്പ്
- ഡാരൻ ജോൺസ് - ട്രഷറിയുടെ ഷാഡോ ചീഫ് സെക്രട്ടറി
- അന്നലീസ് ഡോഡ്സ്- വികസന മന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com