"ചന്ദ്രബാബു നായിഡു പതിവ് നുണയൻ"; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചന്ദ്രബാബു നായിഡു ലക്ഷകണക്കിന് ആളുകളുടെ വിശ്വാസത്തെ വഞ്ചിച്ചെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ പറയുന്നു
"ചന്ദ്രബാബു നായിഡു പതിവ് നുണയൻ"; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി
Published on



തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ചന്ദ്രബാബു നായിഡു പതിവായി നുണ പറയുന്നവനാണെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചന്ദ്രബാബു നായിഡു ലക്ഷകണക്കിന് ആളുകളുടെ വിശ്വാസത്തെ വഞ്ചിച്ചെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ പറയുന്നു.

വിഷയത്തിൽ രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ ഉറ്റുനോക്കുകയാണ്, നായിഡുവിൻ്റെ നാണംകെട്ട നുണകൾ പ്രചരിപ്പിച്ചതിന് ഏറ്റവും കഠിനമായ രീതിയിൽ ശാസിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് പറയുന്നു. കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ മനസ്സിൽ ഇപ്പോഴുള്ള സംശയങ്ങൾ ദൂരീകരിക്കാൻ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്നും ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.


തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ പവിത്രതയും കെട്ടുറപ്പും പ്രശസ്തിയും കളങ്കപ്പെടുത്താനാണ് നായിഡു ശ്രമിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പുതിയ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് നിലവിൽ അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഇത് മാറ്റാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നതെന്നും വൈഎസ്ആർസിപി നേതാവ് അവകാശപ്പെട്ടു.

ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കീഴിലുള്ള സർക്കാർ തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായായിരുന്നു നായിഡുവിൻ്റെ ആരോപണം. മായം കലർന്നേക്കാവുന്ന നെയ് അടങ്ങിയ ടാങ്കർ ജൂലൈ 12 ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്ന് ജഗൻ മോഹൻ റെഡ്ഡി പറയുന്നു.

അതേസമയം നായിഡുവിൻ്റെ വാദങ്ങൾ അസംബന്ധമാണെന്നായിരുന്നു നെയ് വിതരണം ചെയ്ത തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വാദം. എആർ ഡയറിയുടെ നെയ്യിൽ നിന്നുള്ള സാമ്പിളുകളിൽ മായം കലർന്നതായി കണ്ടെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പ്രഖ്യാപിച്ചിരുന്നു.


"1998 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ആദ്യമായാണ്  ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്ന് എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് ക്വാളിറ്റി കൺട്രോളർ കണ്ണൻ പറഞ്ഞു. എആർ ഡയറി സ്വന്തമായി സംഭരണ ​​കേന്ദ്രങ്ങൾ നടത്തുകയും, 32 സെക്കൻഡിനുള്ളിൽ പാലിൻ്റെ 102 ഗുണനിലവാര പാരാമീറ്ററുകൾ വരെ പരിശോധിക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനിയാണ്. പാലിൻ്റെ ഗുണനിലവാര പരിശോധനയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് കണ്ടാൽ, ഉടൻ അത് നിരസിക്കും. ടിടിഡിക്ക് നെയ് വിതരണം ചെയ്യാൻ എആർ ഡയറിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭരണസമിതിയുടെ നാലംഗ വിദഗ്‌ധ സംഘം അവരുടെ പ്ലാൻ്റ് സന്ദർശിച്ച് ഗുണനിലവാരം വിലയിരുത്തിയെന്നും കണ്ണൻ അവകാശപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com