തിരുപ്പതി ലഡു വിവാദം; പ്രതിഷേധം ശക്തം, ക്ഷേത്ര സന്ദർശനം റദ്ദാക്കി ജഗൻ മോഹൻ റെഡ്ഡി

ക്ഷേത്ര സന്ദർശനത്തിനുള്ള അനുമതി ഭരണകക്ഷിയായ ടിഡിപി നിഷേധിച്ചുവെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം
തിരുപ്പതി ലഡു വിവാദം; പ്രതിഷേധം ശക്തം, ക്ഷേത്ര സന്ദർശനം റദ്ദാക്കി ജഗൻ മോഹൻ റെഡ്ഡി
Published on

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ തിരുമല ക്ഷേത്രത്തിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനെന്ന് പറഞ്ഞാണ് ജഗൻ മോഹൻ റെഡ്ഡി ക്ഷേത്രദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.  ക്ഷേത്ര സന്ദർശനത്തിനുള്ള അനുമതി ഭരണകക്ഷിയായ ടിഡിപി നിഷേധിച്ചുവെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. എന്നാൽ ചന്ദ്രബാബു നായിഡുവും ടിഡിപിയും ഈ വാദം തള്ളി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ജഗൻ മോഹൻ റെഡ്ഡി ടിഡിപിക്കെതിരെ ആരോപണമുയർത്തിയത്. എന്നാൽ വിദേശികളും അഹിന്ദുക്കളും ദർശനം നടത്തുന്നതിന് മുമ്പ് വെങ്കിടേശ്വരനോടുള്ള ഭക്തി അംഗീകരിക്കുന്ന പ്രസ്താവനയിൽ ഒപ്പിടണമെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ ചട്ടം. ഈ ആവശ്യമാണ് ടിഡിപിയും സഖ്യകക്ഷിയായ ബിജെപിയും ഉയർത്തിയതെന്ന് ഭരണകക്ഷി പറയുന്നു.  പ്രസ്താവനയിൽ ഒപ്പിടാതെയുള്ള സന്ദർശനം, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാകുമെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്.


ജഗൻ മോഹൻ റെഡ്ഡിയുടെ  കീഴിലുള്ള സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായായിരുന്നു നായിഡുവിൻ്റെ ആരോപണം. മായം കലർന്നേക്കാവുന്ന നെയ് അടങ്ങിയ ടാങ്കർ ജൂലൈ 12 ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്ന് ജഗൻ മോഹൻ റെഡ്ഡി പറയുന്നു.

അതേസമയം നായിഡുവിൻ്റെ വാദങ്ങൾ അസംബന്ധമാണെന്നായിരുന്നു നെയ് വിതരണം ചെയ്ത തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വാദം. എആർ ഡയറിയുടെ നെയ്യിൽ നിന്നുള്ള സാമ്പിളുകളിൽ മായം കലർന്നതായി കണ്ടെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com