
ജയിലിൽ കഴിയുന്ന കശ്മീർ നേതാവ് എഞ്ചിനീയർ റാഷിദ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീരിലെ ബാരമുള്ള നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച എംപിയാണ് എഞ്ചിനീയർ റാഷിദ്. ജയിലിൽ കഴിയുന്ന എഞ്ചിനീയർ റാഷിദ് ഡൽഹിയിലെ പട്യാല കോടതിയിൽ നിന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തത്.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയർ റാഷിദിനെ 2019 ൽ എൻഐഎ അറസ്റ്റ് ചെയ്യുകയും യുഎപിഎ പ്രകാരം തിഹാർ ജയിലിൽ അടക്കുകയും ചെയ്തത്.സത്യപ്രതിജ്ഞ ചടങ്ങിൽ കുടുംബാംഗങ്ങളും പങ്കെടുത്തു.
മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ്പ്രസിഡൻ്റുമായ ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തി രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഞ്ചിനീയർ റാഷിദ് വിജയിച്ചത്. കോടതി നിർദേശ പ്രകാരം മാധ്യമങ്ങളോട് പ്രതികരിക്കുന്നത് തടഞ്ഞിരുന്നു.