'മുത്തുവേല്‍ പാണ്ഡ്യന്റെ വേട്ട തുടങ്ങുന്നു'; ജയിലര്‍ 2 ചിത്രീകരണം ആരംഭിച്ചു

14 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളില്‍ ചിത്രത്തിന്റെ പ്രധാന രംഗങ്ങളായിരിക്കും ചിത്രീകരിക്കുക
'മുത്തുവേല്‍ പാണ്ഡ്യന്റെ വേട്ട തുടങ്ങുന്നു'; ജയിലര്‍ 2 ചിത്രീകരണം ആരംഭിച്ചു
Published on
Updated on




സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ന്റെ ചിത്രീകരണം ചെന്നൈയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ആരാധകരിലും സിനിമാപ്രേമികളിലും വലിയ ആവേശം സൃഷ്ടിച്ചിരുന്നു. രജനീകാന്തും ഈ ഷെഡ്യുളിലുണ്ട് എന്നാണ് സൂചന. 14 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളില്‍ ചിത്രത്തിന്റെ പ്രധാന രംഗങ്ങളായിരിക്കും ചിത്രീകരിക്കുക. ഷൂട്ടിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

ജയിലറിന്റെ വിജയത്തെത്തുടര്‍ന്ന്, തുടര്‍ഭാഗത്തിലും ആവേശകരമായ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. റിലീസ് തീയതിയും മറ്റ് അപ്ഡേറ്റുകളും യഥാസമയം പ്രഖ്യാപിക്കും. ആദ്യ ഭാഗത്തില്‍ കാമിയോ റോളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം കൂടി സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകള്‍.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജയിലറില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വി ടി വി ഗണേഷ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും കന്നഡ നടന്‍ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍ നിര്‍മല്‍ ആയിരുന്നു നിര്‍വഹിച്ചത്. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com