
നിയമസഭയിൽ കെ.ടി ജലീലിനെതിരെ ആരോപണവുമായി നജീബ് കാന്തപുരം എംഎൽഎ. ജലീൽ ഒന്നാന്തരം ഒറ്റുകാരനാണ്. സിമിയെ ഒറ്റി യൂത്ത് ലീഗിലെത്തി. പിന്നീട് യൂത്ത് ലീഗിനെ ഒറ്റി സി പി എമ്മിലെത്തി. ജലീൽ ഇനി സിപിഎമ്മിനെ ഒറ്റുമെന്നും നജീബ് വിമർശിച്ചു.
പാർട്ടിയേയും സമുദായത്തെയും നിങ്ങൾ വിറ്റു കാശാക്കാൻ നോക്കിയപ്പോൾ ഞാൻ അതിനെ എതിർക്കുകയാണ് ചെയ്തത്. അത് ഒറ്റാണെങ്കിൽ ഇനിയും ഒറ്റുമെന്നും കെ.ടി. ജലീൽ നജീബ് കാന്തപുരത്തിന് മറുപടി നൽകി.സമദാനി സിമിയുടെ അധ്യക്ഷനായിരുന്നു. മാധവിക്കുട്ടിയെ മതപരിവർത്തനം ചെയ്ത കേസിൽ ശ്രീധരൻ പിള്ളയെ അഭിഭാഷകൻ ആക്കിയത് ആരാണെന്നും കെ.ടി.ജലീൽ ചോദിച്ചു.
അതേസമയം, നിയമസഭയിൽ പൂരം കലക്കൽ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ ചർച്ച ചൂടേറുകയാണ്. പൂരം കലക്കലിൽ ആർഎസ്എസുമായി സിപിഎം ബന്ധമുണ്ടാക്കിയെന്നും സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതായുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. എന്നാൽ സർക്കാരിനെ ആക്രമിക്കുക മാത്രമാണ് പ്രതിപക്ഷ ലക്ഷ്യമെന്നും പൂരം കലക്കുന്നതിൽ ആർഎസ്എസുമായി രഹസ്യ ബാന്ധവം ഉണ്ടാക്കിയിട്ടുള്ളത് യുഡിഎഫാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ തിരിച്ചടിച്ചത്.