
ബിജെപിയെ തകർത്തെറിഞ്ഞ് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചെറുപാർട്ടികൾക്ക് തലക്കെട്ടുകളിൽ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും, യാതൊരു മുന്നേറ്റവും നടത്താൻ കഴിയാതെ പരാജയപ്പെടേണ്ടി വന്നു.
ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ചിരുന്നു. നിരോധിത പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ റീ എൻട്രി എങ്ങിനെ ആയിരിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയ എഞ്ചിനീയർ റാഷിദിൻ്റെ അവാമി ഇത്തിഹാദ് പാർട്ടി, ജമാഅത്തുമായി തന്ത്രപരമായ സഖ്യത്തിൽ പ്രവേശിച്ചതോടെ ജമ്മു തെരഞ്ഞെടുപ്പിൻ്റെ ആവേശം ഇരട്ടിയായി.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ജമാഅത്ത് പാർട്ടിയെ പിന്തുണച്ച 10 പേർ സ്വതന്ത്രരായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവരിൽ ചിലർ പിന്നീട് പിന്മാറിയിരുന്നു. പിന്നാലെ ജമാഅത്ത് പിന്തുണയോടെ മത്സരിച്ച എല്ലാ സ്ഥാനാർഥികൾക്കും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത്ഭുതകരമായ വിജയം നേടിയെങ്കിലും, എഞ്ചിനീയർ റാഷിദിനും നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ല. അവാമി ഇത്തിഹാദ് പാർട്ടി പിന്തുണയോടെ റാഷിദിൻ്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖിന് മാത്രമാണ് അൽപനേരമെങ്കിലും ലീഡ് ഉയർത്താൻ സാധിച്ചത്.
ഗുലാം നബി ആസാദ് പാർട്ടി, കോൺഗ്രസുമായി വേർപിരിഞ്ഞ് 2022-ൽ രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിക്കും വമ്പൻ തോൽവിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്ന് മണ്ഡലങ്ങളിലും പരാജയപ്പെട്ട പാർട്ടി, ഇതിനോടകം തന്നെ തകർച്ചയുടെ വക്കിലാണ്. കന്നിഅംഗത്തിലെ തോൽവിക്ക് പിന്നാലെ നിരവധി നേതാക്കളും രാജിവെച്ചിരുന്നു.
നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിൻ്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇത്തരം രാഷ്ട്രീയ പാർട്ടികളെ ബിജെപി ഉപയോഗിച്ചുവെന്ന ധാരണയാണ് ഈ പരാജയങ്ങളിലെല്ലാം നിഴലിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ദർ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രചാരണത്തിനായി എഞ്ചിനീയർ റഷീദിന് ജാമ്യം ലഭിച്ചതും ഈ ധാരണയെ ശക്തിപ്പെടുത്തി.
ബിജെപിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ മെഹബൂബ മുഫ്തിയുടെ പിഡിപിയെയും പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 2018 വരെ ബിജെപിയുമായി സഖ്യം ചേർന്നായിരുന്നു മെഹബൂബ മുഫ്തി ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഒരു വർഷത്തിന് ശേഷം സർക്കാരിനെ നീക്കം ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്രങ്ങളായി വിഭജിക്കുകയുമായിരുന്നു.