ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ച് നൽകും എന്നതുൾപ്പടെ വാഗ്ദാനങ്ങളുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
Published on


ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പത്രിക പുറത്തിറക്കുക. ഉച്ചയോടെ ജമ്മു കാശ്മീരിലെത്തുന്ന അമിത് ഷാ, ബിജെപിയുടെ മീഡിയ സെന്ററിൽ വെച്ചാണ് തെരഞ്ഞടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നാല്പതോളം നേതാക്കൾ ആണ് ഇക്കുറി ജമ്മു കശ്മീരിൽ പ്രചാരണത്തിനിറങ്ങുന്നത്. ജമ്മു കശ്മീരിൽ സെപ്റ്റംബർ 18 നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ച് നൽകും എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇതിനെതിരെയുള്ള ബിജെപിയുടെ പ്രകടനപത്രിക എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ജമ്മു കശ്മീരിലെത്തുന്ന ആഭ്യന്തര മന്ത്രി ആദ്യ ദിവസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തും. ബിജെപി യുടെ പ്രധാന നേതാക്കളുമായും അമിത് ഷാ കൂടികാഴ്ച നടത്തും. 18 ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 219 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

സെപ്റ്റംബർ 25 നാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വാശിയേറും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രംഗത്തിറങ്ങുന്നത് ബിജെപിയുടെ സ്റ്റാർ നേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ, നിധിൻ ഗഡ്ഗരി,രാജ്നാഥ് സിംഗ് എന്നിവർ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി ബജൻലാൽ ശർമ എന്നിവരും പ്രചാരണത്തിനിറങ്ങും. ജമ്മു കശ്മീർ പ്രചാരണത്തിനിറങ്ങുന്ന നാല്പതോളം നേതാക്കളുടെ പട്ടിക ഇതിനോടകം ബിജെപി പുറത്തുവിട്ടു കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com