
ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരു മണിവരെ 44.8 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉധംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കാൾ മികച്ച പോളിങ്ങാണ് അവസാനഘട്ടത്തിൽ താഴ്വരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് സമാധാനപരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മൂന്നാം ഘട്ടത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ് ജമ്മുകശ്മീരിൽ രേഖപ്പെടുത്തിയത്. ഉധംപൂർ ജില്ലയിൽ 51.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 7 ജില്ലകളിലെ 40 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചിരുന്നു. 415 സ്ഥാനാർഥികളാണ് അവസാനഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.
ഇന്ന് പോളിങ് നടക്കുന്ന 40 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങൾ ജമ്മുവിലും, 16 മണ്ഡലങ്ങൾ ഉത്തര കശ്മീരിലുമാണ്. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, സാംബ, കത്വ, വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോർ, കുപ്‌വാര എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കേന്ദ്രഭരണ പ്രദേശത്തെ ആദ്യ തെരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണായകമാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചാവേർ ആക്രമണത്തിനടക്കം പാക് സൈന്യത്തിൻ്റെ പിന്തുണയോടെ ഭീകരർ ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇതുവരെ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്തംബർ 18 ന് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 61.38 ശതമാനവും സെപ്തംബർ 25 ന് നടന്ന രണ്ടാം ഘട്ടത്തിൽ 57.31 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ അഞ്ചിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയ്ക്കൊപ്പം ഒക്ടോബർ എട്ടിന് ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ നടക്കും.