
ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന് (എന്‍സി) പിന്തുണ അറിയിച്ച് നാല് സ്വതന്ത്ര എംഎല്‍എമാർ. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 46 സാമാജികരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. ഇതോടെ കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെയും സർക്കാർ രൂപീകരിക്കാമെന്ന നിലയിലേക്ക് എന്‍സി എത്തി. ഇൻന്ദർവാൾ, ഛംബ്, സുരൻകോട്ട്, ബാനി സീറ്റുകളിൽ വിജയിച്ച പ്യാരെ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ. രാമേശ്വർ സിങ് എന്നിവരാണ് എൻസിയെ പിന്തുണച്ചത്.
തൂക്ക് മന്ത്രിസഭ പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിക്കുന്ന പ്രകടനമാണ് നാഷണല്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോള്‍ എൻസിക്ക് 42 സീറ്റുകളും കോൺഗ്രസിന് ആറ് സീറ്റുകളുമാണ് ലഭിച്ചത്. നാല് സ്വതന്ത്രർ കൂടി എന്‍സിക്കൊപ്പം ചേരുമ്പോള്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യം കുറയും. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഇന്ത്യ സഖ്യത്തിനുള്ളില്‍ നിന്നുതന്നെ കോണ്‍ഗ്രസ് വിമർശനങ്ങള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കശ്മീർ സർക്കാരിലും പ്രബല ശബ്ദമാകാന്‍ സാധിക്കാത്തത് ഐഎന്‍സിയെ പ്രതിസന്ധിയിലാക്കും.
ഹരിയാനയില്‍ ആം ആദ്മി പാർട്ടിയെ സഖ്യത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്താതിരുന്നതിനെ വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. 'ജയിക്കാമായിരുന്ന ഒരു ഇന്നിങ്ങ്സിനെ തോല്‍വിയിലേക്ക് എത്തിക്കാനുള്ള' കോണ്‍ഗ്രസിന്‍റെ കഴിവിനെ സേന പരിഹസിച്ചു. കോണ്‍ഗ്രസിന്‍റെ അമിത ആത്മവിശ്വാസത്തെ ആം ആദ്മി പാർട്ടിയും പരോക്ഷമായി വിമർശിച്ചു.
ജമ്മു കശ്മമീർ തെരഞ്ഞടുപ്പില്‍ എന്‍സിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളായ ബിജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞു. 2014ല്‍ 28 സീറ്റുകള്‍ ലഭിച്ച പിഡിപിക്ക് ഇത്തവണ മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
Also Read: ഒമർ അബ്ദുള്ള ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയാകും; പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള
തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം വിജയിച്ചതിനു പിന്നാലെ ഒമർ അബ്ദുള്ളയായിരിക്കും അടുത്ത ജമ്മു കശ്മീർ മുഖ്യമന്ത്രിയെന്ന് പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റുമായ ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു.