
1945 ജനുവരി 27 ജൂതവംശഹത്യയുടെ പാളയമായ ഓഷ്‌വിറ്റ്‌സില്‍ നിന്ന് ഹിറ്റ്ലറിന്‍റെ ഇരകള്‍ മോചിതരായ ദിനം, . ആര്യവംശ ശുദ്ധിക്കെന്ന പേരില്‍ നാസി ജർമ്മനിയില്‍ കൊന്നൊടുക്കപ്പെട്ട ദശലക്ഷങ്ങളുടെ സ്മരണ ദിനമായി ഈ ദിവസം ആചരിക്കപ്പെടുന്നു.. ലോകം കണ്ട ഏറ്റവും വലിയ വംശീയാതിക്രമങ്ങളുടെ എൺപതാം വാർഷികമാണ് ഇന്ന്.
1933-ൽ അഡോൾഫ് ഹിറ്റ്ലറിന്‍റെ നാസി പാർട്ടി ജർമ്മനിയിൽ അധികാരം പിടിച്ചെടുക്കുമ്പോള്‍ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ 90 ലക്ഷം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും ഇതില്‍ 67 ശതമാനത്തെയും നാസി പട്ടാളം കൊന്നുതള്ളിയിരുന്നു. ആര്യവംശീയതയ്ക്ക് ജൂതവംശം ഭീഷണിയാണെന്ന തീവ്ര വംശീയ വാദമായിരുന്നു കൂട്ടക്കൊലയ്ക്ക് കണ്ട ന്യായീകരണം.
1935 ലെ ന്യൂറംബർഗ് നിയമങ്ങളിലൂടെ ജൂതന്മാരുടെ സ്വത്ത് കണ്ടുകെട്ടിയും പൗരാവകാശങ്ങൾ അടിച്ചമർത്തിക്കൊണ്ടുമായിരുന്നു തുടക്കം. 1939-ഓടെ പോളണ്ട് അധിനിവേശിച്ച അവർ ജൂതന്മാരെ ജർമ്മനിയില്‍ നിന്ന് പോളണ്ടിൻ്റെ ചില ഭാഗങ്ങളിലേക്ക് നാടുകടത്തി.
രണ്ടാം മഹായുദ്ധകാലം, ഈ ക്രൂരതകള്‍ക്ക് കൂടുതല്‍ വളം നൽകി. 1939 സെപ്റ്റംബറിൽ തെക്കൻ പോളണ്ടിലെ ഒരു പോളിഷ് സൈനിക ബാരക്കായിരുന്ന ഓഷ്വിറ്റ്സ് കീഴടക്കിയ നാസികള്‍, 1940 മെയ് മാസത്തോടെ അതിനെ രാഷ്ട്രീയ തടവുകാർക്കുള്ള ജയിലാക്കി മാറ്റി. വെറും നാലര വർഷത്തിനുള്ളിൽ, ഓഷ്വിറ്റ്സിലെ ആ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഏകദേശം 1.5 ദശലക്ഷം മനുഷ്യരെയാണ് നാസികള്‍ കൊലപ്പെടുത്തിയത്. ഭൂരിഭാഗവും ജൂതന്മാർ.
ജൂതർ മാത്രമായിരുന്നില്ല ഇരകള്‍, പോളണ്ടില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള യുദ്ധത്തടവുകാർ, റോമൻ ജിപ്സികൾ, സ്വവർഗാനുരാഗികൾ, യാചകർ, വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, വെെകല്യങ്ങളുള്ളവർ അങ്ങനെ വംശീയശുദ്ധീകരണത്തിന് തടസമായി നാസികൾ കണ്ട എല്ലാ വിഭാഗവും ഹിറ്റ്ലറിനും സംഘത്തിനും മനുഷ്യരല്ലാതായി.
1941 അന്ത്യത്തോടെയാണ് കൂട്ടക്കൊലകള്‍ക്ക് ചെലവ് കുറഞ്ഞ മാർഗമെന്ന നിലയില്‍ ഗ്യാസ് ചേംബറുകള്‍ ജർമ്മനിയിലെത്തുന്നത്. വായുപ്രവേശം ഇല്ലാത്ത ചെറിയ മുറികളില്‍ ആയിരങ്ങളെ കുത്തിനിറച്ച് വിഷവാതകം പമ്പുചെയ്തു. മുപ്പതുലക്ഷം ജൂതരാണ് മനുഷ്യത്വഹീനമായ കുരുതിക്ക് കീഴടങ്ങിയത്. കൊടിയ പീഢനങ്ങളും പട്ടിണിയും വിശ്രമമില്ലാത്ത നിർബന്ധിത തൊഴിലുമെല്ലാം അവശേഷിച്ച ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തു. ഇതിനെല്ലാം പുറമെയായിരുന്നു, മനുഷ്യർക്ക് മേലുള്ള ക്രൂരമായ പരീക്ഷണങ്ങള്‍.
ഒടുവില്‍ 1945 ജനുവരി 27 ന് ഓഷ്‌വിറ്റ്‌സ്-ബിർകെനൗവിലെ നാസി മരണക്യാംപിലേക്ക് സോവിയറ്റ് സേന പ്രവേശിക്കുമ്പോള്‍, ഏകദേശം 7,000 തടവുകാർ മൃതപ്രാണരായി അവിടെ അവശേഷിച്ചിരുന്നു. 1945 മെയ് 7 -ന് ഹിറ്റ്ലറിന്‍റെ നാസി ജർമ്മനി സഖ്യ സേനയ്ക്ക് കീഴടങ്ങുന്നതുവരെയും ജർമ്മന്‍ അധിനിവേശ യൂറോപ്പിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ നിന്ന് ആയിരങ്ങളെ മരണത്തിലേക്ക് മാർച്ച് ചെയ്യിപ്പിച്ചിരുന്നു.
രണ്ടാം ലോക മഹായുദ്ധം അവസാനിക്കുമ്പോള്‍, അവശേഷിച്ചിരുന്ന ജൂതർ 1948 -നും 1951-നുമിടയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനത്തിലായിരുന്നു. 1,36,000 ഓളം പേർ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. ശേഷിച്ചവർ യൂറോപ്പിലും അമേരിക്കയിലും അഭയം തേടി.