
അധികാരത്തിലെത്തിയാൽ ഉടൻ ബീഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് ജൻ സൂരജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. ഒക്‌ടോബർ 2ന് പാർട്ടിയുടെ സ്ഥാപക ദിനാഘോഷത്തിന് മുന്നോടിയായാണ് പ്രശാന്ത് കിഷോറിൻ്റെ പ്രസ്താവന.
"ഞങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ്. ജൻ സൂരജ് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ അധികാരത്തിലെത്തി ഒരു മണിക്കൂറിനകം ഞങ്ങൾ മദ്യനിരോധനം അവസാനിപ്പിക്കും, " ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ പ്രശാന്ത് കിഷോർ പറഞ്ഞു. ഭരണകക്ഷികൾക്കെതിരെയും നേതാവ് രൂക്ഷ വിമർശനം നടത്തി.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേർന്നതിന് നിതീഷ് കുമാർ കൂപ്പുകൈകളോടെ ക്ഷമാപണം നടത്തിയെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. പിന്നാലെ ആർജെഡിയും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ വാക്പോര് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു പ്രശാന്ത് കിഷോറിൻ്റെ പക്ഷം. "ഇതിൽ ആരോട് മാപ്പ് പറഞ്ഞിട്ടും കാര്യമില്ല, രണ്ട് പേരും ബിഹാറിന് നാശം വിതച്ചു. 30 വർഷമായി ബിഹാറിലെ ജനങ്ങൾ ഇതിന് സാക്ഷ്യം വഹിക്കുകയാണ്. ബിഹാർ വിട്ടുപോകാൻ ഞങ്ങൾ ഇരുവരോടും അഭ്യർഥിക്കുന്നു," പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ നേരത്തെയും പ്രശാന്ത് കിഷോർ രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു, സംസ്ഥാനത്തിൻ്റെ വികസനത്തിന് നേതൃത്വം നൽകാനുള്ള മുഖ്യമന്ത്രിയുടെ കഴിവിനെ പ്രശാന്ത് നിരന്തരം ചോദ്യം ചെയ്തിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻ്റെ മകനാണെന്നത് മാത്രമാണ് ആർജെഡിയിലെ നേതാവാകാനുള്ള തേജസ്വി യാദവിൻ്റെ ഏക യോഗ്യതയെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു.