
ജനറൽ മനോജ് പാണ്ഡെ വിരമിച്ചതോടെ, പുതിയ കരസേനാ മേധാവിയായി (സിഒഎഎസ്) ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ഡൽഹിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരസേനയുടെ മുപ്പതാമത്തെ മേധാവിയായ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്ത്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.
നേരത്തെ കരസേനയുടെ ഉപമേധാവിയായിരുന്നു ഉപേന്ദ്ര ദ്വിവേദി. അദ്ദേഹത്തിന് പരമ വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ, മൂന്ന് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചാർജ് പ്രശംസാ കാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.
മധ്യപ്രദേശുകാരനായ ഉപേന്ദ്ര ദ്വിവേദി സൈനിക് സ്‌കൂൾ റേവയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1981 ജനുവരിയിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1984 ഡിസംബറിൽ ജമ്മു കശ്മീർ റൈഫിൾസിൻ്റെ 18-ാം ബറ്റാലിയനിലേക്ക് കമ്മീഷൻ ചെയ്തു. പിന്നീട് കശ്മീർ താഴ്‌വരയിലും, രാജസ്ഥാൻ മരുഭൂമികളിലും കമാൻഡറായി, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ബറ്റാലിയനെ നയിച്ചു. ഇൻസ്‌പെക്ടർ ജനറൽ അസം റൈഫിൾസ്, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അസം റൈഫിൾസിൻ്റെ സെക്ടർ കമാൻഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വടക്കുകിഴക്കൻ മേഖലയിൽ മറ്റ് നിരവധി സായുധ നീക്കങ്ങൾ നടത്തിയിട്ടുണ്ട്.
വിരമിച്ച കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്ക് കരസേന യാത്രയയപ്പ് നൽകി. പ്രതിരോധ മന്ത്രാലയത്തിലായിരുന്നു വിരമിക്കൽ ചടങ്ങ്. 2022 ഏപ്രിൽ 30ന് ആർമി സ്റ്റാഫ് മേധാവിയായി ചുമതല ഏറ്റെടുത്ത മനോജ് പാണ്ഡെ, കഴിഞ്ഞ മാസം 31ന് വിരമിക്കാനിരിക്കെ കേന്ദ്ര സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.