'സുരേഷ് ഗോപി ചീറ്റിയ മുസ്ലീം വിദ്വേഷത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താമായിരുന്നു'; കേരള പൊലീസിനെ വിമർശിച്ച് ജനയുഗം

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോർഡിനെതിരെ പേരു പരാമർശിക്കാതെയായിരുന്നു സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്
'സുരേഷ് ഗോപി ചീറ്റിയ മുസ്ലീം വിദ്വേഷത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താമായിരുന്നു'; കേരള  പൊലീസിനെ വിമർശിച്ച് ജനയുഗം
Published on

കേരള പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. വഖഫ് ബോർഡിനെതിരെ പേരുപറയാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ കേസ് എടുക്കാത്തതിലാണ് ജനയുഗത്തിന്‍റെ വിമർശനം. 'വഖഫ് കിരാതം' എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നാണ് സിപിഐ മുഖപത്രത്തിന്‍റെ ചോദ്യം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ 'വാവര്' പരാമർശത്തിലും പോലീസ് കേസെടുത്തിരുന്നില്ല. 'രണ്ടു മഹാന്മാർക്കെതിരെയും ഒരു പെറ്റിക്കേസ് പോലും എടുക്കാത്തത് കൗതുകകരം' എന്നും ലേഖനം വിമർശിക്കുന്നു.


"വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ബി. ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര്‍ എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക. മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നതാണ് കൗതുകകരം" - ജനയുഗം ലേഖനത്തില്‍ വിമർശിക്കുന്നു.

Also Read: "തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല, വഖഫ് നിയമഭേദഗതി നടപ്പാക്കും"; വിവാദ പരാമർശവുമായി സുരേഷ് ഗോപി

വയനാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്‍റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോർഡിനെതിരെ പേരു പരാമർശിക്കാതെ സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. വഖഫ് ബോർഡിനെ 'കിരാതം' എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി ഭാരതത്തിൽ ഇനി ആ കിരാതമുണ്ടാവില്ലെന്നും പറഞ്ഞു. ബിജെപി ഭരണകാലത്ത് 'തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല' എന്നും 'തണ്ടെല്ല് ഞങ്ങൾ ഊരിയിരിക്കും' എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മുനമ്പത്തെ ചിലരെ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നടത്തുന്നത്. മുനമ്പത്തെ സുഖിപ്പിച്ചു കൊണ്ട് ഒന്നും നേടേണ്ടെന്നും വഖഫ് നിയമഭേദഗതി നടപ്പാക്കിയിരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പിച്ച് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com