
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ 'ഐസിസി പ്ലേയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇരട്ട നേട്ടം. പുരുഷ വിഭാഗത്തില്‍ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്രയും, വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇരു വിഭാഗങ്ങളിലേയും പുരസ്‌കാരം ഒരുമിച്ച് ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്.
ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ബുമ്രയ്ക്ക് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറുകളിൽ ബുമ്ര കാഴ്ചവെച്ച വീറുറ്റ പ്രകടനമാണ് ഇന്ത്യയ്ക്ക് രണ്ടാം ലോക കിരീടം സമ്മാനിച്ചത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചാണ് ബുമ്ര കളി നീലപ്പടയ്ക്ക് അനുകൂലമായി തിരിച്ചത്.
പുരുഷ വിഭാഗത്തിൽ ലോക ജേതാക്കളായ ഇന്ത്യയുടെ നായകൻ രോഹിത് ശർമ, അഫ്ഗാനിസ്ഥാന്റെ ഓപ്പണറും ടോപ് സ്കോററുമായ റഹ്മാനുള്ള ഗുർബാസ് എന്നിവരാണ് ജൂണിലെ പുരസ്കാര പട്ടികയിലേക്കുള്ള മത്സരത്തിനുള്ള അവസാന വട്ട നോമിനേഷനിൽ ഇടം പിടിച്ചിരുന്നത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ലായ മയ്യാ ബൗച്ചർ, ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റർ വിഷ്മി ഗുണരത്നെ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നത്.