ബുമ്രയുടെ പരുക്ക് ഗുരുതരം; നിർണായക പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ രോഹിത് ശർമ തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്
ബുമ്രയുടെ പരുക്ക് ഗുരുതരം; നിർണായക പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
Published on


ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയുടെ പരുക്ക് നേരത്തെ വിചാരിച്ചിരുന്നതിനേക്കാൾ ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പന്തെറിയാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിനിടെ താരത്തെ ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു.

എന്നാൽ, ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കും ഏകദിന പരമ്പരയ്ക്കും പുറമെ ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റും താരത്തിന് നഷ്ടമായേക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ടിനെതിരെ ജനുവരി 22 മുതൽ ഫെബ്രുവരി 2 വരെ അഞ്ച് ടി20 മത്സരങ്ങളും, ഫെബ്രുവരി 6 മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെൻ്റിലും ബുമ്ര കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ രോഹിത് ശർമ തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്. 2023ൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ വരെയെത്തിച്ചിരുന്നു.

ബുമ്ര കളിച്ചില്ലെങ്കിൽ നിലവിൽ വൈസ് ക്യാപ്ടൻ പദവിയിലേക്ക് ആരാകുമെത്തുക എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കോ സൂര്യകുമാർ യാദവിനോ നറുക്ക് വീഴുമെന്നാണ് സൂചന.

ബുമ്രയുടെ പുറംവേദന നിസാരമായി കാണേണ്ടെന്നും ആവശ്യത്തിന് വിശ്രമം അനുവദിക്കണമെന്നുമാണ് സെലക്ടർമാരുടെ തീരുമാനം. താരത്തിൻ്റെ വർക്ക് ലോഡ് കുറയ്ക്കുന്നതും അവരുടെ പരിഗണനയിലുണ്ട്. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റെടുത്ത ബുമ്ര, നേരത്തെ പരമ്പരയിൽ ഹർഭജൻ സിങ് നടത്തിയ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com