
കോഴിക്കോട് കൊമ്മേരിയില്‍ പതിനൊന്ന് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച 23 കാരിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കും.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിലാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ കൊമ്മേരി പ്രദേശമുള്‍പ്പെടുന്ന വാര്‍ഡില്‍ ഇത്രയധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗം പടര്‍ന്നത് പ്രാദേശിക കുടിവെള്ള പദ്ധതിയില്‍ നിന്നാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാര്‍ഡിലെ ശുദ്ധജല സ്രോതസ്സില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
രോഗവ്യാപനത്തില്‍ മേയറും വാര്‍ഡ് കൗണ്‍സിലറും പരസ്പരം പഴിചാരുന്ന പ്രതികരണങ്ങളായിരുന്നു നടത്തിയിരുന്നത്. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ കോര്‍പ്പറേഷന്‍ കാര്യമായി ഇടപെടുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലറടക്കം പരാതി ഉന്നയിച്ചു.
എന്നാല്‍, വാട്ടര്‍ അതോറിറ്റിയുടെ ജലം ഉപയോഗിക്കാതെയാണ് ജനങ്ങള്‍ പ്രാദേശിക കുടിവെളള പദ്ധതിയെ ആശ്രയിക്കുന്നത് എന്നായിരുന്നു മേയറുടെ പ്രതികരണം. മഴ തുടങ്ങുന്നതിന് മുന്‍പ് കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം എന്ന് നിര്‍ദ്ദേശം നല്‍കിയതായും കിണറുകള്‍ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രദ്ധിച്ചില്ലെന്നും മേയര്‍ പറഞ്ഞു. രോഗവ്യാപനത്തിന്റെ കാര്യം ജനകീയ സമിതി കോര്‍പ്പറേഷനെ അറിയിച്ചിരുന്നില്ല എന്നും മേയര്‍ വിമര്‍ശിച്ചു.