കോഴിക്കോട് വടക്കുമ്പാട് സ്‌കൂളില്‍ മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; 11 വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗം; ഇതുവരെ 72 പേര്‍ ചികിത്സയില്‍

പ്രദേശത്ത് കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായാണ് സംശയം
കോഴിക്കോട് വടക്കുമ്പാട് സ്‌കൂളില്‍ മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; 11 വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗം; ഇതുവരെ 72 പേര്‍ ചികിത്സയില്‍
Published on



കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്കൂളിൽ മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം 72 ആയി. പ്രദേശത്ത് കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായാണ് സംശയം.

വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. സ്കൂളിലെ വെള്ളവും ഭക്ഷണവും പരിശോധിച്ചതിൽ ഇ-കോളി രോഗാണുക്കളെ കണ്ടെത്തിയിട്ടില്ല. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ALSO READ: കൊമ്മേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; വീഴ്ച സമ്മതിച്ച് കുടിവെള്ളം വിതരണം ചെയ്ത ജനകീയ സമിതി

മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം നിർത്തിവെച്ചു. പ്രദേശം സന്ദർശിച്ച ആരോഗ്യ വകുപ്പ് കൂടുതൽ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

അതേസമയം കോഴിക്കോട് കൊമ്മേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കുടിവെള്ളം വിതരണം ചെയ്ത ജനകീയ സമിതി വീഴ്ച സമ്മതിച്ചു. രണ്ട് വർഷമായി കിണറിലെ വെള്ളം ശുചീകരിച്ചിട്ടില്ലെന്ന് ജനകീയ സമിതി കോർപറേഷൻ അധികൃതർക്ക് വിശദീകരണം നൽകി. മഞ്ഞപ്പിത്ത ദുരിതത്തിന് കാരണക്കാരായ ജനകീയ സമിതിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

കിണറുകൾ പോലും ഇല്ലാത്ത കോഴിക്കോട് കൊമ്മേരി പ്രദേശത്ത് കുടിവെള്ളത്തിനുള്ള ഏക പോംവഴിയായിട്ടാണ് ജനകീയസമിതി കിണർ കുഴിച്ച് ജലവിതരണം ആരംഭിച്ചത്. എരവത്ത് കുന്ന്, അക്കനാരി, ആമാട്ട്, ചിറയക്കാട്ട്, വഴക്കാട്ട് മീത്തൽ പ്രദേശങ്ങളിൽ ഉള്ളവരാണ് പ്രധാനമായും കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിച്ചിരുന്നത്.

കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചപ്പോൾ തന്നെ പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാവാം രോഗവ്യാപനമുണ്ടായത് എന്ന സംശയം അധികൃതർ ഉന്നയിച്ചിരുന്നു. തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പ്രദേശത്തെ കിണറിൽ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഇതിന് പിന്നാലെയാണ് രണ്ട് വർഷമായി കിണറിലെ വെള്ളം ശുചീകരിച്ചിട്ടില്ലെന്ന വിവരം ആരോഗ്യവകുപ്പ് കണ്ടെത്തിയത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com