
കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി പ്രദേശമുൾപ്പെടുന്ന വാർഡിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി 25 ആളുകളാണ് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലുള്ള 23-കാരി മഞ്ഞപിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിലാണ്. രോഗം പടർന്നത് പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാണെന്നാണ് നാട്ടുകാരുടെ സംശയം. ഗുരുതര സാഹചര്യത്തിലും കോർപ്പറേഷൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.
ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ കോർപ്പറേഷൻ കാര്യമായി ഇടപെടുന്നില്ലെന്ന് വാർഡ് കൗൺസിലറും ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഉടൻ കണ്ടെത്തി വ്യാപനം തടയണമെന്നാണ് ആവശ്യം. നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കവിതാ അരുൺ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ALSO READ: ഇടക്കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
അതേസമയം ആരോപണങ്ങൾക്ക് പിന്നാലെ വിഷയത്തിൽ അടിയന്തിര യോഗം ചേരാനൊരുങ്ങുകയാണ് കോർപ്പറേഷൻ അധികൃതർ. മഞ്ഞപ്പിത്തം പടരുന്നത് പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാണെന്നാണ് അധികൃതർ സംശയിക്കുന്നത്. 225 വീടുകൾ കുടിവെള്ള പദ്ധതിയിൽപ്പെടുന്നുണ്ട്.
ഈ പദ്ധതിയുൾപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ടാങ്കിലേക്ക് വെള്ളമടിക്കുന്ന കിണറുകൾ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധിച്ചിരുന്നു. കുടിവെള്ള പദ്ധതിയുടെ വെള്ളത്തിൽ നിന്നാണോ രോഗം പടരുന്നതെന്നറിയുന്നതിനായി വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്നതുവരെ കുടിവെള്ളവിതരണം നിർത്തിവെക്കാനാണ് കോർപ്പറേഷൻ നിർദേശിച്ചത്.