"ചരിത്രസംഭവമായി കാണുന്നു"; മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ജയന്തി രാജന്‍

കേരളത്തില്‍ നിന്നുള്ള ജയന്തി രാജന് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫാത്തിമ മുസഫറും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ജയന്തി രാജന്‍
ജയന്തി രാജന്‍
Published on

മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രസംഭവമായി കാണുന്നുവെന്ന് ജയന്തി രാജൻ. പിന്നാക്ക ആദിവാസി ജില്ലയായ വയനാട്ടിൽ നിന്നും മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിൽ എത്താൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണ്. മുസ്ലീം ലീഗിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്. വയനാട് ഇരുളം സ്വദേശിനിയായ ജയന്തി രാജൻ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്.

"വയനാട് ജില്ലയിൽ നിന്ന് ഞാൻ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ പാർട്ടി എനിക്ക് നൽകി," ജയന്തി രാജൻ പറഞ്ഞു. വനിതാ ലീ​ഗിന്റെ പ്രവർത്തക എന്ന നിലയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ചാരിതാർഥ്യം ഉള്ളതായും ജയന്തി രാജൻ അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് ദേശീയ കമ്മിറ്റിയില്‍ മുസ്ലീം ലീഗ് വനിതകളെ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള ജയന്തി രാജന് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫാത്തിമ മുസഫറും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പോഷക സംഘടനകള്‍ ആയ യൂത്ത് ലീഗിലും എംഎസ്എഫിലും മുൻപ് വനിതകള്‍ ഭാരവാഹിത്വത്തിലേക്ക് വന്നിരുന്നു.

ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തമിഴ്‌നാടിൽ നിന്നുള്ള പ്രൊഫ. കെ.എം. ഖാദർ മൊയ്തീനാണ് പ്രസിഡന്റ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി. മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ) എന്നിവരാണ് മറ്റ് മുഖ്യ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com