പങ്കാളിയുടെ നാട്ടിലേക്ക് യുഎസ് വൈസ് പ്രസിഡന്‍റ്; ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയില്‍

വാൻസിനും ഇന്ത്യൻ വംശജയായ പങ്കാളി ഉഷയ്ക്കും നരേന്ദ്ര മോദി അത്താഴ വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്
പങ്കാളിയുടെ നാട്ടിലേക്ക് യുഎസ് വൈസ് പ്രസിഡന്‍റ്; ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയില്‍
Published on

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് വാൻസ് ഇന്ത്യയിലെത്തുന്നത്. വാൻസിനും ഇന്ത്യൻ വംശജയായ പങ്കാളി ഉഷയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്. വ്യാപാരം, ട്രംപിൻ്റെ പുതിയ താരിഫ് നയം എന്നിവയെക്കുറിച്ച് കൂടികാഴ്ചയിൽ ചർച്ചയാകും. ഗാർഡ് ഓഫ് ഓണർ നൽകിയാകും വിമാനത്താവളത്തിൽ വാൻസിനെ സ്വീകരിക്കുക.



ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലും ജെ.ഡി. വാൻസും കുടുംബവും ദർശനം നടത്തും. മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് ഉഷയെ കൂടാതെ വാൻസിനൊപ്പമുള്ളത്. ഉഷയുടെ നാടിന്റെ പൈതൃകം മക്കളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ഇന്ത്യാ സന്ദർശനത്തിന്. ഇതിന്റെ ഭാ​ഗമായി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആംബർ ഫോർട്ട്, ആമേർ ഫോർട്ട്, താജ്മഹൽ എന്നിവിടങ്ങളും യുഎസ് വൈസ് പ്രസിഡന്റും കുടുംബവും സന്ദർശിക്കും. 

ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം, വാൻസിന്റെ ഷെഡ്യൂളിലെ ഒരേയൊരു പ്രധാന ഔദ്യോഗിക പരിപാടി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും അത്താഴവിരുന്നുമാണ്. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴവിരുന്ന്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ നിരവധി കാബിനറ്റ് മന്ത്രിമാരും ബിജെപിയിലെ ഉന്നത നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ എത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷം വാൻസ് കുടുംബം സെൻട്രൽ ഡൽഹിയിലെ ഇന്ത്യൻ നിർമ്മിത കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും ഒരു ഔട്ട്‌ലെറ്റിൽ ഷോപ്പിങ് നടത്തുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

മുൻ നിശ്ചയിച്ച സമയത്തിലും ഏറെ വൈകിയാകും യുഎസ് വെസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തുക. അതുകൊണ്ടുതന്നെ നിരവധി നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ യാത്രാ പരിപാടിയിൽ നിന്നും നീക്കം ചെയ്തു. ഏപ്രിൽ 22-23 തീയതികളിൽ സൗദി അറേബ്യ സന്ദർശമുള്ളതിനാൽ മോദിക്കും ഈ ആഴ്ച തിരക്കേറിയതാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com