'ഗ്രീൻകാർഡ് ഉണ്ടെന്ന് കരുതി ആയുഷ്കാലം യുഎസിൽ കഴിയാമെന്ന് കരുതേണ്ട'; മുന്നറിയിപ്പുമായി ജെ.ഡി. വാന്‍സ്

അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാന്‍സ്
ജെ.ഡി. വാന്‍സ്
ജെ.ഡി. വാന്‍സ്
Published on
Updated on



ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്ന് കരുതി എല്ലാക്കാലത്തും യുഎസില്‍ താമസിക്കാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് യുഎസില്‍ അനിശ്ചിതകാലം ജീവിക്കാന്‍ അവകാശമില്ലെന്ന് വാന്‍സ് പറഞ്ഞു. ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാന്‍സ് പറഞ്ഞു. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി (പി.ആർ.) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് വാന്‍സിന്റെ വാക്കുകള്‍.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വകലാശാലയില്‍ പ്രകടനം നടത്തിയ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഹമാസ് അനുകൂലിയാണെന്ന് ആരോപിച്ച് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ്‌ റദ്ദാക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വാന്‍സിന്റെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ ഖലീല്‍ ഇപ്പോള്‍ ലൂസിയാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്കുമേലുള്ള ട്രംപ് ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് ഖലീലിന്റെ അറസ്റ്റ് എന്ന ആരോപണം ശക്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഖലീലിനെ നാടുകടത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ആരോപിച്ചിരുന്നു. അതിനെല്ലാമാണ് വാന്‍സിന്റെ മറുപടി.

1952ല്‍ പാസാക്കിയ അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ട് പ്രകാരം, ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് എതിരാകുന്നുണ്ടെങ്കില്‍ അവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാല്‍, വളരെ അപൂര്‍വമായേ ഇത്തരം വ്യവസ്ഥകള്‍ നടപ്പാക്കാറുള്ളൂ. ഖലീലിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥ നടപ്പാക്കിയോ, അതോ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നതും വ്യക്തമാക്കിയിട്ടില്ല.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com