തനിക്ക് പറ്റിയ 'നിസാരമായ'പിഴവ്; ജീവിതത്തെ മാറ്റിമറിച്ച അപകടത്തെ കുറിച്ച് അവഞ്ചേഴ്‌സ് താരം

മഞ്ഞില്‍ മുഴുവന്‍ എന്റെ രക്തം. പുറത്തേക്ക് തൂങ്ങിയ ഇടത് കണ്ണ് എന്റെ വലതു കണ്ണ് കൊണ്ട് കാണാമായിരുന്നു
തനിക്ക് പറ്റിയ 'നിസാരമായ'പിഴവ്; ജീവിതത്തെ മാറ്റിമറിച്ച അപകടത്തെ കുറിച്ച് അവഞ്ചേഴ്‌സ് താരം
Published on

നഷ്ടമായെന്ന് കരുതിയ ജീവിതത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തിരിച്ചുപിടിച്ചതും ജീവിതം മാറ്റി മറിച്ച അപകടത്തെ കുറിച്ചും ഓര്‍ത്തെടുത്ത് അവഞ്ചേഴ്‌സ് താരം ജെറമി റെന്നര്‍. അപകടത്തെ കുറിച്ചും അതിനു ശേഷമുള്ള അതിജീവനത്തെ കുറിച്ചുമുള്ള കുറിപ്പാണ് 'മൈ നെക്സ്റ്റ് ബ്രീത്ത്' എന്ന പുസ്തകത്തില്‍ ജെറമി എഴുതിയത്.

2023 ലാണ് മരണത്തെ മുഖാമുഖം കണ്ട അപകടമുണ്ടാകുന്നത്. മഞ്ഞു നീക്കുന്നതിനിടയില്‍ 14,000 പൗണ്ട് ഭാരമുളള യന്ത്രം നടന് മുകളിലേക്ക് പതിച്ചത്. യന്ത്രം തന്റെ സഹോദരി പുത്രന് നേരെ നീങ്ങുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ജെറമി പറയുന്നു.

'ആ നിമിഷത്തില്‍ ജീവിതം മുഴുവന്‍ കണ്ടു, എല്ലാം ഒറ്റയടിക്ക് കാണാന്‍ കഴിഞ്ഞു. അത് പത്ത് മിനുട്ടോ അഞ്ച് മിനുട്ടോ ആയിരിക്കാം'... കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ പുസ്തകത്തില്‍ അപകടത്തെ കുറിച്ച് ജെറമിയുടെ വാക്കുകള്‍ ഇങ്ങനെ. രക്ഷിക്കാനായി ആളുകള്‍ എത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് മിനുട്ടില്‍ പതിനെട്ട് തവണ മാത്രമായിരുന്നു. എന്റെ മരണം ഏറെക്കുറേ എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

'ആറ് എഫ് കിങ് വീലുകള്‍, എഴുപത്തിയാറ് സ്റ്റീല്‍ ബ്ലേഡുകള്‍, 14,000 പൌണ്ട് ഭാരമുളള യന്ത്രം അങ്ങനെയെല്ലാം ഒരു മനുഷ്യ ശരീരത്തിന് എതിരായി ഉണ്ടായിരുന്നു. എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. തലയോട്ടി, താടിയെല്ല്, കവിള്‍ത്തടങ്ങള്‍, അണപ്പല്ലുകള്‍, കണ്ണുകള്‍, ശ്വാസകോശം, കൈകള്‍, കാല്‍വെള്ള, കാലിലെ അസ്ഥികള്‍, ഇടുപ്പ്, ചര്‍മ്മം അങ്ങനെ ശരീരത്തിലെ ഓരോ അവയവവും നുറുങ്ങുന്ന വേദന ഞാന്‍ അനുഭവിച്ചറിഞ്ഞു.'

'14 വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു, നട്ടെല്ല് പൊട്ടി, ശ്വാസകോശത്തിനും കരളിനും പരിക്കേറ്റു. ശരീരം എന്തവസ്ഥയിലാണെന്ന് എനിക്ക് പൂര്‍ണമായി അന്ന് മനസ്സിലായിരുന്നില്ല. മഞ്ഞില്‍ മുഴുവന്‍ എന്റെ രക്തം. പുറത്തേക്ക് തൂങ്ങിയ ഇടത് കണ്ണ് എന്റെ വലതു കണ്ണ് കൊണ്ട് കാണാമായിരുന്നു.' 

തന്റെ ഭാഗത്തു നിന്നുണ്ടായ നിസ്സാരമായ എന്നാല്‍ ഗുരുതരമായ അശ്രദ്ധയ്ക്കാണ് വലിയ വില നല്‍കേണ്ടി വന്നതെന്ന് താരം പറയുന്നു. പാര്‍ക്കിംഗ് ബ്രേക്ക് സ്ഥാപിക്കാന്‍ മറന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ആ അപകടം 'എന്റെ ജീവിതഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എങ്കിലും, അനന്തരവനെ രക്ഷിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം ഉണ്ട്'. മിന്നല്‍ വേഗത്തിലുള്ള നിമിഷങ്ങളിലായിരുന്നു അത് ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഞാന്‍ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു, ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു.

നെവാഡയിലെ അതിശൈത്യമുളള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിച്ചിരുന്നത്. മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് 2023 ലെ പുതുവര്‍ഷതലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിഛേദിക്കപ്പെട്ടിരുന്നു. മഞ്ഞ് മാറ്റുന്നതിനിടെയാണ് ഗുരുതര അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ഹെലികോപ്റ്റര്‍ മാര്‍ഗം ജെറമിയെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com