ജെറ്റ് സന്തോഷ് കൊലപാതകം: രണ്ട് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസ് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കി
ജെറ്റ് സന്തോഷ് കൊലപാതകം: രണ്ട് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
Published on

തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ജെറ്റ് സന്തോഷിനെ കൊലപെടുത്തിയ കേസിൽ രണ്ടു പ്രതികളുടെയും വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. കേസിലെ മറ്റു പ്രതികളുടെ ജീവപര്യന്തവും, കഠിന തടവും, പിഴ ശിക്ഷയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസിലെ ഒന്നും ഏഴും പ്രതികളായ പ്രാവ് ബിനു, ബിജുക്കുട്ടൻ എന്നിവർക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എസ്. ശ്യാംകുമാർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസ് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കി. യാതൊരു വസ്തുതയും ഇല്ലാതെയാണ് കോടതി വധശിക്ഷയടക്കം വിധിച്ചതെന്നും, മാപ്പുസാക്ഷിയുടെ മൊഴി തപ്തികരമല്ലെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. 2004 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിളവൂര്‍ക്കല്‍ ആലത്തറക്കോണം ചന്തയ്ക്ക് സമീപം വെച്ച് ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ പ്രതികള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് ആയിരുന്നു കേസ്.

കൊലപാതകം നടന്ന ഉടനെ രക്തം വാര്‍ന്ന് സന്തോഷ് മരിച്ചിരുന്നു. തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് സന്തോഷിന്റെ അന്ത്യത്തില്‍ കലാശിച്ചത്. സന്തോഷ് ഒരു ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കിയിരുന്നു. മറ്റൊരു ഗുണ്ടാസംഘത്തിന്റെ തലവനായ ഒന്നാം പ്രതി ബിനുവുമായി ഇയാള്‍ പലതവണ ഏറ്റുമുട്ടി. പ്രതികളിലൊരാളിന്റെ ഭാര്യയുമായി സന്തോഷിന് വഴിവിട്ട ബന്ധവും സംശയിക്കപ്പെട്ടിരുന്നു. ഇക്കാരണങ്ങളാല്‍ സന്തോഷിനെ കൊല്ലാന്‍ ബിനുവും കൂട്ടരും തീരുമാനിക്കുകയായിരുന്നു. സന്തോഷുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയെക്കൊണ്ട് വിളിച്ചുവരുത്തി വിളവൂര്‍ക്കലില്‍ എത്തിച്ച് കൈകാലുകള്‍ വെട്ടിമാറ്റുകയായിരുന്നു.

12 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. അതിൽ മൊട്ട അനി എന്നറിയപ്പെടുന്ന അനി മറ്റൊരു ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാളിയോട്ടുകോണം ചന്തയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിചാരണയ്ക്കിടയിൽ ജെറ്റ് സന്തോഷിന്‍റെ മാതാവ് അടക്കമുള്ള സാക്ഷികൾ കൂറുമാറിയെങ്കിലും, സാഹചര്യ തെളിവുകളുടെയും മാപ്പുസാക്ഷിയുടെ മൊഴിയുടേയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ആറ്റുകാല്‍ സ്വദേശികളായ ജാക്കി എന്ന് വിളിക്കുന്ന അനില്‍കുമാര്‍, പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനു കുമാര്‍, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍, സോജു എന്ന് വിളിക്കുന്ന അജിത് കുമാര്‍, ഷാജി, ബിജു, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ ചേര്‍ന്ന് ജെറ്റ് സന്തോഷിനെ വെട്ടികൊലപ്പെടുത്തി എന്നായിരുന്നു കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com