മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചു; ജാർഖണ്ഡിൽ പ്രതിഷേധം ശക്തം

ജെഎംഎം അധികാരത്തിൽ വന്നാൽ മുസ്ലീങ്ങൾ സംസ്ഥാനം കയ്യടക്കുമെന്നും നുഴഞ്ഞുക്കയറ്റക്കാരാണ് മുസ്ലീങ്ങളെന്നും പറയുന്നതാണ് വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം
മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചു; ജാർഖണ്ഡിൽ പ്രതിഷേധം ശക്തം
Published on

ജാർഖണ്ഡ് വോട്ടെടുപ്പിനിടെ പ്രചരിച്ച മുസ്ലിം വിരുദ്ധ വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന പരസ്യ വീഡിയോയാണ് വിവാദമായത്. പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎമ്മും കോൺഗ്രസും രംഗത്തെത്തി.

ജാർഖണ്ഡിൽ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ബിജെപിയുടേതായി പ്രത്യക്ഷത്തിൽ അവകാശപ്പെടാത്ത വീഡിയോ വൈറലായത്. സമൂഹ മാധ്യമങ്ങളിൽ അടക്കം വീഡിയോ പ്രചരിച്ചതോടെ ശക്തമായ വിമർശനവും ഉയർന്നു. ഒരു കൂട്ടം മുസ്ലീങ്ങൾ ജെഎംഎം പ്രതിനിധീകരിക്കുന്ന വീട്ടിലേക്ക് കയറുകയും അവിടെ കയ്യടക്കുകയും വീടാകെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ജെഎംഎം അധികാരത്തിൽ വന്നാൽ മുസ്ലീങ്ങൾ സംസ്ഥാനം കയ്യടക്കുമെന്നും നുഴഞ്ഞുക്കയറ്റക്കാരാണ് മുസ്ലീങ്ങളെന്നും പറയുന്നതാണ് വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം. പരസ്യത്തെ തൃണമൂൽ നേതാവും മുൻ രാജ്യസഭാംഗവുമായ ജവഹർ സർക്കാർ 'ഭീകരം'  എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിലയ്ക്ക് വാങ്ങിയെന്നും അതാണ് കമ്മീഷൻ ഈ പ്രചാരണങ്ങൾക്കെതിരെ മിണ്ടാതിരിക്കുന്നതെന്നും ജവഹർ സർക്കാർ വിമർശിച്ചു. ജയറാം രമേശ് അടക്കമുള്ള നേതാക്കളും വീഡിയോക്കെതിരെ രംഗത്തുവന്നു. എന്നാൽ വീഡിയോ വിവാദത്തോട് ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.

വിദ്വേഷ പ്രചാരണങ്ങൾക്ക് മാത്രം ബിജെപി 500 കോടി രൂപ ഇറക്കിയെന്ന് സോറൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ ആരോപിച്ചിരുന്നു. 95,000 വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബിജെപി വിദ്വേഷം പ്രചരിപ്പിച്ചുവെന്നും സോറൻ വിമർശിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളടക്കം ജെഎംഎമ്മിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ജെഎംഎം നേതാക്കളുടെ വിമർശനം.  ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യാപകമായ വിദ്വേഷവും വർഗീയ പരാമർശങ്ങളും ബിജെപി നിരന്തരം ഉപയോഗിച്ചതായി നേരത്തെ പരാതിയുണ്ട്. അതിനിടെയാണ്  മുസ്ലിം വിരുദ്ധത ആശയമാക്കികൊണ്ട്  പുതിയ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com