ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; ഉച്ച വരെ 46.30% പോളിങ്

ജാർഖണ്ഡിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; ഉച്ച വരെ 46.30% പോളിങ്
Published on

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട പോളിങ് ആരംഭിച്ചു. സംസ്ഥാനത്തെ ആകെയുള്ള 81 മണ്ഡലങ്ങളിലെ 43 ഇടത്ത് മാത്രമാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഒരു മണി വരെ 46.30% പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകീട്ട് അഞ്ച് മണി വരെയാണ് പോളിങ് നടക്കുക.

ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) ഏറെ നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിരോധം തന്നെയാണ് ബിജെപി തീർത്തിരിക്കുന്നത്. നുഴഞ്ഞുകയറ്റം അടക്കമുള്ള നിരവധി വിവാദ വിഷയങ്ങൾ ഇത്തവണത്തെ പ്രചരണത്തിലുടനീളം ഉന്നയിക്കപ്പെട്ടിരുന്നു. 

ജാർഖണ്ഡിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഏറ്റുമുട്ടലാണ് ഇത്തവണ നടക്കുന്നത്. വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും അടക്കം വ്യാപകമായി ഉയർന്ന തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ഇത്തവണത്തേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സജീവമായി രംഗത്തിറങ്ങിയ പ്രചരണ കോലാഹലങ്ങളായിരുന്നു ബിജെപിയുടേതെങ്കിൽ, ഹേമന്ത് സോറനിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ജെഎംഎം-കോൺഗ്രസ് സഖ്യത്തിന്റെ പ്രചരണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചില റാലികളിൽ പങ്കെടുത്തിരുന്നു.

ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 ഇടങ്ങളിലേക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഏഴെണ്ണം പട്ടികജാതി മണ്ഡലങ്ങളും 20 എണ്ണം പട്ടികവർഗ മണ്ഡലങ്ങളുമാണ്. 685 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. സെറൈകെല്ല, റാഞ്ചി, ജംഷഡ്പൂർ വെസ്റ്റ്, ജഗനാഥ്പൂർ, ജംഷഡ്പൂർ ഈസ്റ്റ് എന്നിവയാണ് ആദ്യ ഘട്ടത്തിലെ പ്രധാന സീറ്റുകൾ.

ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) 23 സ്ഥാനാർഥികളെ നിർത്തിയപ്പോൾ, സഖ്യകക്ഷികളായ കോൺഗ്രസും രാഷ്ട്രീയ ജനതാദളും (ആർജെഡി) യഥാക്രമം 17, അഞ്ച് സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്. മറുവശത്ത് എൻഡിഎ മുന്നണിയിൽ ബിജെപി 36 സ്ഥാനാർഥികളെ നിർത്തിയപ്പോൾ, ജനതാദൾ യുണൈറ്റഡ് (ജെഡിയു) രണ്ടും, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഏഴും സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.

മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ചംപയ് സോറൻ സെറൈകെല്ലയിൽ നിന്നാണ് മത്സരിക്കുന്നത്. ആദിവാസി വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള നേതാവാണ് ചംപയ് സോറൻ. റാഞ്ചിയിൽ സിറ്റിങ് രാജ്യസഭാ എംപി മഹുവ മാജിയെയാണ് ജെഎംഎം സ്ഥാനാർഥിയാക്കിയത്. 2019ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി രഘുബർ ദാസിനെ പരാജയപ്പെടുത്തിയ ജനതാദൾ യുണൈറ്റഡ് നേതാവ് സരയു റോയ് ജംഷഡ്പൂർ വെസ്റ്റിൽ മത്സരിക്കും. കോൺഗ്രസിൻ്റെ ആരോഗ്യമന്ത്രി ബന്ന ഗുപ്തയാണ് എതിർ സ്ഥാനാർഥി. ജംഷഡ്പൂർ ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥി അജോയ് കുമാറും, ബിജെപിയുടെ പൂർണിമ ദാസ് സാഹുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്.


ജഗനാഥ്പൂരിൽ മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് സോനാ റാം സിങ്കുവിനെയാണ് ഗീക കോഡ നേരിടുക. ഛത്രയിൽ നിന്ന് ആർജെഡി ടിക്കറ്റിൽ മത്സരിക്കുന്ന മന്ത്രി സത്യാനന്ദ് ഭോക്തയുടെ മരുമകൾ രശ്മി പ്രകാശ്, ഇഛാഗഢിൽ നിന്ന് ജെഎംഎമ്മിനായി മത്സരിക്കുന്ന അന്തരിച്ച നേതാവ് നിർമ്മൽ മഹാതോയുടെ മരുമകൾ സവിത മഹാതോയുടെ മത്സരവും നിർണായകമാണ്.

2014നെ അപേക്ഷിച്ച് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 27 സീറ്റുകളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരുന്നു. റാഞ്ചി നിയമസഭാ സീറ്റിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും 50 ശതമാനം വോട്ടർമാർ പോലും വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ജംഷഡ്പൂരിലും സമാനമായ സ്ഥിതി തന്നെയായിരുന്നു. ഇത് ഒഴിവാക്കുമെന്നും പരമാവധി പോളിങ് ഇത്തവണ ഉറപ്പുവരുത്തും എന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കെ. രവികുമാർ നൽകുന്ന ഉറപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 43 സീറ്റുകളിൽ 17ലും ജെഎംഎം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇത് നിലനിർത്തുക എന്ന വെല്ലുവിളിയാണ് ജെഎംഎം നേരിടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് നേടിയതാവട്ടെ എട്ട് സീറ്റുകൾ മാത്രമാണ്. ബിജെപി 13 സീറ്റുകളിലാണ് ജയിച്ചത്.


ജാർഖണ്ഡിലെ ആദിവാസി മേഖലയിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയം ഉയർത്തിയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ലവ് ജിഹാദും ഭൂമിയിടപാടുകളെയും പരാമര്‍ശിച്ച് മുസ്ലിങ്ങൾക്കെതിരെ അമിത് ഷായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും നിരന്തരം പ്രസംഗങ്ങൾ നടത്തി. മറുവശത്താകട്ടെ ആദിവാസികൾ വിഡ്ഢികളല്ലെന്നും ബിജെപി ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പക്ഷം. എല്ലാവരും ഗോത്രവിഭാഗമെന്ന് വിളിക്കുമ്പോൾ ബിജെപിക്കാർ അവരെ വനവാസികളെന്ന് വിളിച്ചെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇവയിലെന്താണ് ജാർഖണ്ഡ് ജനത വിശ്വാസത്തിലെടുക്കുന്നത് എന്നറിയാൻ നവംബർ 23 വരെ കാത്തിരിക്കണം.

പ്രവർത്തനം ഇഷ്ടമാണെങ്കിൽ ദയവായി പിന്തുണയ്ക്കൂ: ഹേമന്ത് സോറൻ


വോട്ടിങ് ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ തേടി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. "നിങ്ങൾക്ക് ഞങ്ങളുടെ പ്രവർത്തനം ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളെ പിന്തുണയ്ക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 വർഷത്തെ ജോലി ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പുരോഗതിയെ ആർക്കും തടയാൻ കഴിയില്ല", ഹേമന്ത് സോറന്‍ എക്സില്‍ കുറിച്ചു.  ജെഎംഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യം ക്ഷേമ പദ്ധതികള്‍ ഉയർത്തിക്കാട്ടി അധികാരം നിലനിർത്താനാണ് ശ്രമിക്കുന്നത്.

വോട്ട് രേഖപ്പെടുത്താന്‍ അഭ്യർഥിച്ച് പ്രിയങ്കാ ഗാന്ധി

സമ്മതിദായകരോട് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ വിനിയോഗിക്കാനും ജാർഖണ്ഡിൻ്റെ ആത്മാഭിമാനത്തിനായി വോട്ട് രേഖപ്പെടുത്താനും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. "ജാർഖണ്ഡിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഭരണഘടന നിങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ഉപയോഗിക്കാനും നിങ്ങൾക്കായി ഒരു ക്ഷേമ സർക്കാരിനെ തെരഞ്ഞെടുക്കാനുമുള്ള ദിവസമാണ് ഇന്ന്. ഗോത്രവർഗക്കാരുടെ ബഹുമാനത്തിനും, ജാർഖണ്ഡിൻ്റെ ആത്മാഭിമാനത്തിനും, നിങ്ങളുടെ ജലത്തിൻ്റെയും വനത്തിൻ്റെയും ഭൂമിയുടെയും സംരക്ഷണത്തിനായി, ജനാധിപത്യത്തിൻ്റെ ഈ മഹത്തായ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കുക, വൻതോതിൽ വോട്ട് ചെയ്ത് ഇന്ത്യയെ വിജയിപ്പിക്കുക", പ്രിയങ്ക എക്സില്‍ കുറിച്ചു.

"ജമ്മു കശ്മീരിലേത് പോലെ ജനങ്ങള്‍ വോട്ടുചെയ്യണം"; വോട്ട് രേഖപ്പെടുത്തി ജാർഖണ്ഡ് ഗവർണർ

റാഞ്ചിയിലെ പോളിങ് ബൂത്തില്‍ ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടവകാശം വിനിയോഗിക്കണമെന്ന് ഗവർണർ ജനങ്ങളോട് ആഹ്വാനം ചെയ്തു. “ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനും വൻതോതിൽ വോട്ടു ചെയ്യാനും ഞാൻ അഭ്യർഥിക്കുന്നു. ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നപോലെ ജനങ്ങൾ വൻതോതിൽ വോട്ട് ചെയ്യണം. ഇത് ഒരു ഉത്സവം പോലെ ആഘോഷിക്കണം", ഗവർണർ പറഞ്ഞു.

"ആവേശത്തോടെ വോട്ട് ചെയ്യുക"; വോട്ടർമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി


ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ ജനങ്ങള്‍ വോട്ടവകാശം മുഴുവൻ ആവേശത്തോടെയും വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ട് വോട്ടെടുപ്പാണ്. ജനാധിപത്യത്തിൻ്റെ ഈ ഉത്സവത്തിൽ പൂർണ ആവേശത്തോടെ വോട്ട് ചെയ്യാൻ ഞാൻ എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുന്നു," നരേന്ദ്ര മോദി എക്സില്‍ ഹിന്ദിയില്‍ കുറിച്ചു. ആദ്യമായി വോട്ട് ചെയ്യുന്ന യുവ സമ്മതിദായകരെയും മോദി അഭിനന്ദിച്ചു. "ഈ അവസരത്തിൽ, ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന എൻ്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ആദ്യം വോട്ട്, പിന്നീടാകാം ഭക്ഷണം," മോദി ഓർമിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com