
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട പോളിങ് അവസാനിച്ചപ്പോൾ, 64.86 % പോളിങ് രേഖപ്പെടുത്തി. 81 അംഗ നിയമസഭയിൽ 43 സീറ്റുകളിലേക്കായിരുന്നു ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ്ങ് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. 73.21 % പോളിങ്ങോടെ ലോഹാർദഗാ ജില്ലയാണ് പോളിങ്ങിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും കുറവ് പോളിങ് 59.13 ശതമാനത്തോടെ ഹസാരിബാഗ് ജില്ലയിലാണ്.
ആദ്യഘട്ടത്തിൽ 43 സീറ്റുകളിലേക്ക് 73 വനിതകൾ ഉൾപ്പെടെ 638 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 683 സ്ഥാനാർഥികൾ ഇവിടെ ജനവിധി തേടി. 6 പട്ടികജാതി മണ്ഡലങ്ങളും 20 പട്ടികവർഗ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ ജനഹിതം രേഖപ്പെടുത്തി.
സരൈകെല, റാഞ്ചി, ജംഷഡ്പൂർ വെസ്റ്റ്, ജഗനാഥ്പൂർ, ജംഷഡ്പൂർ ഈസ്റ്റ് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്ന പ്രധാന സീറ്റുകൾ. മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ചംപയ് സോറൻ സരൈകെലയിൽ നിന്ന് ജനവിധി തേടിയവരിൽ ഉൾപ്പെടുന്നു. ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗങ്‍വാർ, കേന്ദ്ര മന്ത്രിമാരായ സഞ്ജയ് സേത് , അന്നപൂർണ ദേവി, ക്രിക്കറ്റ് താരം മഹീന്ദ്ര സിങ് ധോണി അടക്കമുള്ള പ്രമുഖർ ഇന്ന് സമ്മതിദാനവകാശം വിനിയോഗിച്ചു.
ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) ഏറെ നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിരോധം തന്നെയാണ് ബിജെപി തീർത്തിരിക്കുന്നത്. നുഴഞ്ഞുകയറ്റം അടക്കമുള്ള നിരവധി വിവാദ വിഷയങ്ങൾ ഇത്തവണത്തെ പ്രചരണത്തിലുടനീളം ഉന്നയിക്കപ്പെട്ടിരുന്നു.
ജാർഖണ്ഡിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഏറ്റുമുട്ടലാണ് ഇത്തവണ നടക്കുന്നത്. വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും അടക്കം വ്യാപകമായി ഉയർന്ന തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ഇത്തവണത്തേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സജീവമായി രംഗത്തിറങ്ങിയ പ്രചരണ കോലാഹലങ്ങളായിരുന്നു ബിജെപിയുടേതെങ്കിൽ, ഹേമന്ത് സോറനിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ജെഎംഎം-കോൺഗ്രസ് സഖ്യത്തിന്റെ പ്രചരണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചില റാലികളിൽ പങ്കെടുത്തിരുന്നു.
കേരളവും ബംഗാളുമടക്കം ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. ബംഗാളിൽ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ബംഗാളിലും രാജസ്ഥാനിലും അക്രമസംഭവങ്ങളുണ്ടായി. നോർത്ത് പർഗാനാസിൽ മുൻ ടിഎംസി വാർഡ് പ്രസിഡൻ്റിനെ ഒരു സംഘം വെടിവെച്ച് കൊന്നു. രാജസ്ഥാനില്‍ പോളിങ് ഉദ്യോഗസ്ഥനെ സ്വതന്ത്ര സ്ഥാനാർഥി മർദിച്ചതായും പരാതിയുണ്ട്. കോൺഗ്രസ് വിമത സ്ഥാനാർഥിയായ നരേശ് മീനയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. രാജസ്ഥാനില്‍ ഏഴ് സീറ്റിലാണ് തെരഞ്ഞെടുപ്പ്. കർണാടകയില്‍ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 61.48% പോളിംഗാണ് രേഖപ്പെടുത്തിയത്.