വിഭജന തന്ത്രം വിലപ്പോയില്ല; ബിജെപിയെ തഴഞ്ഞ് ഗോത്രഭൂമി; ജാർഖണ്ഡ് ജനത 'ഇന്ത്യ'യ്ക്കൊപ്പം

നിരവധി വികസന പ്രശ്നങ്ങളും വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും ജാർഖണ്ഡിൽ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനാണ് ജാർഖണ്ഡ് വേദിയായത്. വിദ്വേഷപരാമർശങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയായിരുന്നു മുന്നില്‍.
വിഭജന തന്ത്രം വിലപ്പോയില്ല; ബിജെപിയെ തഴഞ്ഞ് ഗോത്രഭൂമി; ജാർഖണ്ഡ് ജനത 'ഇന്ത്യ'യ്ക്കൊപ്പം
Published on

എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തുന്ന വിജയമാണ് ജാർഖണ്ഡിൽ ജെഎംഎം സഖ്യം നേടിയത്. 81 സീറ്റുകളിൽ 34 സീറ്റ് ജെഎംഎം നേടിയപ്പോൾ സഖ്യകക്ഷിയായ കോൺഗ്രസ് 16 സീറ്റ് നിലനിർത്തി. ബിജെപിക്ക് നേടാനായത് 21 സീറ്റ് മാത്രം. വിദ്വേഷ രാഷ്ട്രീയം മുൻനിർത്തി പ്രചാരണം നയിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ജാർഖണ്ഡ് ഫലം. വോട്ടെണ്ണൽ ആരംഭിച്ച ഘട്ടത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നേട്ടമുണ്ടാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മിനിറ്റുകൾക്കകം ഇന്ത്യാ സഖ്യം തിരികെയെത്തുകയായിരുന്നു.

ഹരിയാന മോഡൽ ജാർഖണ്ഡിലും പയറ്റാൻ ശ്രമിച്ച ബിജെപിക്ക് പണി പാളി. ആദിവാസി മേഖലയിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയം ഉയർത്തിയുള്ള ബിജെപി പ്രചാരണം ഫലം കണ്ടില്ല. ലവ് ജിഹാദും, ഭൂമിയിടപാടുകളെയും പരാമര്‍ശിച്ച് അമിത് ഷായും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്ക് ഹേമന്ത് സോറൻ പറഞ്ഞ മറുപടി തന്നെ വോട്ടർമാരും ബിജെപിയോട് പറഞ്ഞു. ആദിവാസികളെ വിഡ്ഢികളാക്കരുത്.

നിരവധി വികസന പ്രശ്നങ്ങളും വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും ജാർഖണ്ഡിൽ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനാണ് ജാർഖണ്ഡ് വേദിയായത്. വിദ്വേഷപരാമർശങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയായിരുന്നു മുന്നില്‍. അതേസമയം കോൺ​ഗ്രസ്, ജെഎംഎം കക്ഷികൾ ചേർന്ന ഇന്ത്യാ സഖ്യം ഹേമന്ത് സോറൻ്റെ ഇഡി അറസ്റ്റും ജയിൽവാസവും കേന്ദ്രഫണ്ട് തടഞ്ഞുവെക്കലും ഖനിമേഖലയിലെ തൊഴിൽ പ്രശ്നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്.

ബർഹൈത് മണ്ഡലത്തിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഹേമന്ദ് സോറൻ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുൻ എജെഎസ് യു നേതാവായ ബിജെപിയുടെ ഹെംബ്രും വലിയ പരാജയം ഏറ്റുവാങ്ങി. ഷിബു സോറന്റെ രണ്ട് മരുമക്കൾ രണ്ട് പാർട്ടിക്ക് വേണ്ടി ഇറങ്ങിയപ്പോൾ ജെഎംഎമ്മിന്റെ കൽപന സോറൻ ഖണ്ഡേയിൽ 15000 ത്തോളം വോട്ടിന് ജയിച്ചു. ബിജെപിയുടെ സീത സോറൻ പരാജയപ്പെട്ടു. ഹേമന്ദ് സോറന്റെ സഹോദരൻ ബസന്ത് സോറൻ ധുംകയിൽ ബിജെപിയുടെ സുനിൽ സോറനെ 14,588 വോട്ടുകൾക്ക് തോൽപിച്ചു.

ജെഎംഎമ്മിൽ നിന്ന് ചാടി ബിജെപി സീറ്റിൽ സരെകെല്ലയിൽ മത്സരിച്ച ചമ്പയ് സോറൻ വിജയിച്ചെങ്കിലും മകൻ ബാബുലാൽ സോറന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.ധൻവാറിൽ മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ജയിച്ചു. കഴിഞ്ഞ തവണ 83,000 ഭൂരിപക്ഷത്തിൽ സില്ലി മണ്ഡലത്തിൽ ജയിച്ച സുധേഷ് മഹതോയ്ക്ക് തിരിച്ചടി നേരിട്ടു. ജെഎംഎമ്മിന്റെ ആധിപത്യമാണ് തുടക്കം മുതൽ സില്ലിയിൽ കാണാനായത്. റാഞ്ചിയിൽ ജെഎംഎം സ്ഥാനാർഥിമഹുവ മാജിക്കും തിരിച്ചടി നേരിട്ടു. ബിജെപിയുടെ ചന്ദ്രേശ്വർ പ്രസാദ് സിംഗ് ജയിച്ചു.

ജെഡിയു നേതാവ് സരയു റോയ് ജംഷഡ്പൂർ വെസ്റ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബന്ന ഗുപ്തയെ പരാജയപ്പെടുത്തി. ജംഷഡ്പൂർ ഈസ്റ്റിൽ ബിജെപിയുടെ പൂർണിമ ദാസ് സാഹു ജയിച്ചു. ജഗനാഥ്പൂരിൽ കോൺഗ്രസ് നേതാവ് സോനാ റാം സിങ്കു, ബിജെപി സ്ഥാനാർത്ഥി ഗീത കോഡയെ തോൽപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ ലിബറേഷൻ ആദ്യമായി ജാർഖണ്ഡിൽ രണ്ട് സീറ്റുകൾ നേടി. നിർസയിൽ അരൂപ് ചാറ്റർജിയും സിന്ദ്രിയിൽ ചന്ദ്രദേവ് മഹ്‍തോയും. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളാണ് ജെഎംഎം നേടിയത്. കോൺഗ്രസ് 16 ഉം.ബിജെപി 25 ഉം. സീറ്റുകളായിരുന്നു നേടിയത്.

തെരഞ്ഞെടുപ്പിന് കുറച്ചുനാൾ മുൻപ് ജെഎംഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ പാർട്ടി വിട്ടത് ജെഎംഎമ്മിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതു വിലയിരുത്തല്‍. ഇത് ആദിവാസി വോട്ടുകളെ ബിജെപിക്ക് അനുകൂലമാക്കുമോ എന്നതായിരുന്നു ജെഎംഎമ്മിന്‍റെ ആശങ്ക.എന്നാല്‍ 'ജാർഖണ്ഡ് കടുവ'യുടെ പ്രഭാവം പ്രചരണത്തിലേതു പോലെ ഫലത്തില്‍ കാണാന്‍ സാധിച്ചില്ല. സരികേല മണ്ഡലത്തിൽ 39105 വോട്ടിന് ലീഡ് ചെയ്ത് ചംപയ് സോറന്‍ ശക്തി തെളിയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ 'ബിജെപി വിജയിക്കും' എന്ന ആത്മവിശ്വാസം പുതിയതായി പാർട്ടിയിൽ ചേർന്ന പ്രവർത്തകന്‍റെ തോന്നല്‍ മാത്രമായി മാറി.

ഇന്ത്യ സഖ്യത്തിൽ ജെഎംഎം 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർജെഡി ആറ് സീറ്റുകളിലും സിപിഐഎംഎൽ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എൻ.ഡി.എ സഖ്യത്തിൽ ബിജെപി. 68 സീറ്റിലും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ പത്ത് സീറ്റിലും ജനതാദൾ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തിപാർട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.ബിജെപി 68 സീറ്റുകളിൽ മത്സരിച്ചപ്പോൾ സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു) 10 ഇടത്തും ജെഡിയു രണ്ടിടത്തും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.

ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 13ന് 43 സീറ്റുകളിലും നവംബർ 20ന് 38 സീറ്റുകളിലും . മൊത്തത്തിൽ 67.74 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019ലെ തെരഞ്ഞെടുപ്പ് കണക്കുകളേക്കാൾ 1.65 ശതമാനം കൂടുതലായിരുന്നു. ജാർഖണ്ഡിൽ ഗ്രാമീണ മേഖലകളിൽ പോളിങ് ഉയർന്നതിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. 2019 ലെ 65.18 ശതമാനത്തിൽ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയർന്നത്. പോളിങ് ഉയർന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലായിരുന്നു. നഗരമേഖലകളിൽ ബിജെപിക്കും ഗ്രാമീണ മേഖലകളിൽ ജെഎംഎമ്മിനുമാണു സ്വാധീനമെന്ന വിലയിരുത്തലാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നൽകിയിരുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com