മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തന്നെയെന്ന് സൂചന; ജാർഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി

ജെഎംഎമ്മിൽ നിന്ന് ചാടി ബിജെപി സീറ്റിൽ സരെകെല്ലയിൽ മത്സരിച്ച ചമ്പയ് സോറൻ വിജയിച്ചെങ്കിലും മകൻ ബാബുലാൽ സോറന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തന്നെയെന്ന് സൂചന; ജാർഖണ്ഡിൽ  സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി
Published on


ജാർഖണ്ഡ് തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ടു നീങ്ങുകയാണ് ഇന്ത്യ മുന്നണി.തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന കോൺഗ്രസ് ഉന്നതതല സമിതി യോഗത്തിൽ . മഹാരാഷ്ട്രയിലെ തിരച്ചിടിയും ജാർഖണ്ഡിലെ മന്ത്രിസഭാ രൂപീകരണവും ചർച്ചയാകും. സംസ്ഥാന നിയമസഭയിൽ 81 സീറ്റുകളിൽ 54 എണ്ണമാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി നേടിയത്. 34 സീറ്റ് ജെഎംഎം നേടിയപ്പോൾ സഖ്യകക്ഷിയായ കോൺഗ്രസ് 16 സീറ്റ് നിലനിർത്തി. ബിജെപിക്ക് നേടാനായത് 21 സീറ്റ് മാത്രം.


നിലവിലെ സാഹചര്യത്തിൽ ജെ എം എം നേതാവും, നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത .എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. മന്ത്രിസഭ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ദില്ലിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കണ്ടേക്കും. അതേ സമയം സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജെഎംഎം- ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ ജയിച്ചുകയറിയിരുന്നു. ബർഹൈത് മണ്ഡലത്തിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഹേമന്ദ് സോറൻ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുൻ എജെഎസ് യു നേതാവായ ബിജെപിയുടെ ഹെംബ്രും വലിയ പരാജയം ഏറ്റുവാങ്ങി. ഷിബു സോറന്റെ രണ്ട് മരുമക്കൾ രണ്ട് പാർട്ടിക്ക് വേണ്ടി ഇറങ്ങിയപ്പോൾ ജെഎംഎമ്മിന്റെ കൽപന സോറൻ ഖണ്ഡേയിൽ 15000 ത്തോളം വോട്ടിന് ജയിച്ചു. ബിജെപിയുടെ സീത സോറൻ പരാജയപ്പെട്ടു.

ഹേമന്ദ് സോറന്റെ സഹോദരൻ ബസന്ത് സോറൻ ധുംകയിൽ ബിജെപിയുടെ സുനിൽ സോറനെ 14,588 വോട്ടുകൾക്ക് തോൽപിച്ചു. ജെഎംഎമ്മിൽ നിന്ന് ചാടി ബിജെപി സീറ്റിൽ സരെകെല്ലയിൽ മത്സരിച്ച ചമ്പയ് സോറൻ വിജയിച്ചെങ്കിലും മകൻ ബാബുലാൽ സോറന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.ധൻവാറിൽ മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ജയിച്ചു.


നിരവധി വികസന പ്രശ്നങ്ങളും വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും ജാർഖണ്ഡിൽ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനാണ് ജാർഖണ്ഡ് വേദിയായത്. വിദ്വേഷപരാമർശങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയായിരുന്നു മുന്നില്‍. അതേസമയം കോൺ​ഗ്രസ്, ജെഎംഎം കക്ഷികൾ ചേർന്ന ഇന്ത്യാ സഖ്യം ഹേമന്ത് സോറൻ്റെ ഇഡി അറസ്റ്റും ജയിൽവാസവും കേന്ദ്രഫണ്ട് തടഞ്ഞുവെക്കലും ഖനിമേഖലയിലെ തൊഴിൽ പ്രശ്നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com