
മോദി സർക്കാർ ജാർഖണ്ഡിന് നൽകാനുള്ള കുടിശിക 1.36 ലക്ഷം കോടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജെഎംഎം-കോൺഗ്രസ് സഖ്യത്തെ സംസ്ഥാനത്തെ ജനങ്ങളാണ് തെരഞ്ഞെടുത്തത്. കേന്ദ്ര ഫണ്ട് തടഞ്ഞതിൽ മോദി ജാർഖണ്ഡ് ജനതയോട് മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ ജയറാം രമേശ് വിമർശനം ഉന്നയിച്ചത്. 2022ൽ റെയിൽവേ മന്ത്രാലയം അനുമതി നൽകിയ ജാർഖണ്ഡിലെ കോർബ-ലോഹർദാഗ, ഛത്ര-ഗയ റെയിൽവേ ലൈനുകൾക്ക് എന്തുപറ്റി? നിരവധി വർഷങ്ങളായി മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റിക്കായി ജാർഖണ്ഡ് ജനത ആവശ്യമുന്നയിക്കുകയാണ്. ഇത് പ്രദേശത്തെ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്തും. അനുമതി ലഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും, എവിടെയുമെത്താത്ത പദ്ധതിക്കായി എത്രനാൾ ഇനി കാത്തിരിക്കണമെന്നും ജയറാം രമേശ് ചോദിച്ചു.
2014ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മോദി വാഗ്ദാനം ചെയ്ത എഞ്ചിനീയറിങ് കോളേജുകൾ എവിടെയാണ്? പത്ത് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം നടപ്പിലായില്ല. കോഡെർമയിലെ മെഡിക്കൽ കോളേജിന് എന്ത് സംഭവിച്ചുവെന്നും ജയറാം രമേശ് ചോദിച്ചു. 2019ൽ പദ്ധതി പൂർത്തിയാക്കുമെന്നുള്ള വാഗ്ദാനം നടപ്പാക്കുമോയെന്നും, അതോ ഇതു മറ്റൊരു മോദി കി ഗ്യാരണ്ടി മാത്രമായി തീരുമോ എന്നും ജയറാം രമേശ് എക്സിലെ പോസ്റ്റിലൂടെ വിമർശിച്ചു.
ജാർഖണ്ഡ് ജനതയെ മോദി സർക്കാർ വഞ്ചിക്കുകയായിരുന്നു. 1.36 ലക്ഷം കോടി രൂപയുടെ കേന്ദ്ര ഫണ്ട് കുടിശികയുണ്ട്. വോട്ട് ചോദിക്കുന്നതിന് മുൻപ് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസത്തിൻ്റെ കണക്ക് മോദി പറയണം. ജാർഖണ്ഡിലെ ജനങ്ങളോട് മോദി മറുപടി പറയണം. ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്താണെന്നും, സംസ്ഥാനത്തിന് ഫണ്ട് നേടുന്നതിൽ ബിജെപി സംസ്ഥാന ഘടകം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നവംബർ 13, 20 തീയതികളിലായാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ്.