
ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചാ (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേർന്നു. ജെഎംഎം വിട്ട് ദിവസങ്ങള്‍ക്ക ശേഷമാണ് ചംപയ് സോറന്‍റെ പുതിയ പാർട്ടി പ്രവേശനം. റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ സോറനൊപ്പം വലിയ തോതില്‍ അണികളും ബിജെപിയില്‍ ചെർന്നു. ശിവ്‌രാജ് സിങ് ചൗഹാന്‍, ഹിമന്ത ബിശ്വ ശർമ എന്നിങ്ങനെ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സോറന്‍റെ പാർട്ടി പ്രവേശനം.
രണ്ട് ദിവസം മുന്‍പാണ് ചംപയ് സോറന്‍ ജാർഖണ്ഡ് നിയമസഭയിലെ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ജെഎംഎം പാർട്ടി അധ്യക്ഷന്‍ ഷിബു സോറന് അയച്ച കത്തില്‍ പാർട്ടിയുടെ നിലവിലെ പ്രവർത്തന രീതിയാണ് രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചംപയ് പറയുന്നു.
പാർട്ടി പ്രവർത്തകർക്കിടയില്‍ 'ജാർഖണ്ഡ് കടുവ' എന്നാണ് ചംപയ് സോറന്‍ അറിയപ്പെടുന്നത്. 1990 മുതല്‍ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിന് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റം മൂലം അപകടത്തിലായ ഗോത്ര സ്വത്വം സംരക്ഷിക്കാനാണ് പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനമെന്ന് ചംപയ് പറഞ്ഞു. ബിജെപി മാത്രമാണ് ഈ വിഷയത്തെ ഗൗരവമായി കാണുന്നതെന്നും, മറ്റു പാർട്ടികള്‍ ഇത് അവഗണിച്ചെന്നും ചംപയ് വിമർശിച്ചു.
ഈ വർഷം ഫെബ്രുവരി രണ്ടിനാണ് ചംപയ് സോറന്‍ ജാർഖണ്ഡിന്‍റെ 12-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ മൂന്നിന് ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഹേമന്ത് സോറന് വേണ്ടി പദവി ഒഴിഞ്ഞു. തുടർന്ന്, ജൂലൈ നാലിന് ഹേമന്ത് സോറന്‍ അധികാരത്തിലെത്തി. ഹേമന്ത് സോറന്‍ ജയിലില്‍ നിന്നും തിരികെവന്ന ശേഷം പാർട്ടിയുടെ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ചംപയ് മാറിനില്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 27നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ചംപയ് സോറന്‍റെ ബിജെപി പ്രവേശനം സ്ഥിരീകരിച്ചത്.